1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2011

ലോകത്തിലെ ഏറ്റവും പ്രശ്‌നം പട്ടിണിയാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പട്ടിണിമൂലം വര്‍ഷം ലക്ഷക്കണക്കിന് ആളുകളാണ് മരിക്കുന്നതെന്ന് യുഎന്റെ രേഖകള്‍ വ്യക്തമാക്കുന്നുണ്ടുതാനും. പല ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനത്തിനും പഠനത്തിനുമായി പോയിട്ടുള്ളവരെല്ലാവരും തന്നെ ഈ അഭിപ്രായത്തെ ശരിവെച്ചിട്ടുള്ളവരാണ്. പട്ടിണിയെ എങ്ങനെയൊക്കെ നേരിടാമെന്ന് തല പുകയ്ക്കുകയാണല്ലോ ലോക നേതാക്കന്മാരെല്ലാം. എന്നാല്‍ 2005ല്‍ ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ യാത്ര നടത്തിയ പ്രമുഖ സാമ്പത്തിക വിദഗ്ദന്‍ ജെഫ്രി സാച്ച് പറയുന്നത് മൊബൈല്‍ ഫോണ്‍ ഒരുപരിധിവരെ പട്ടിണിക്കെതിരെ പൊരുതാനുള്ള ആയുധമായി മാറിയെന്നാണ്.

2005ല്‍ ആഫ്രിക്കയിലെ ചില ഉള്‍ഗ്രാമങ്ങളില്‍ സന്ദര്‍ശനം നടത്തിയ ജെഫ്രി സാച്ച് മലേറിയ രോഗം പിടിപ്പെട്ട പാവപ്പെട്ട ഗ്രാമവാസികളെയും അടിസ്ഥാന വിഭവങ്ങള്‍ പോലുമില്ലാത്തവരെയുമാണ് കണ്ടത്. അഞ്ച് വര്‍ഷത്തിനുശേഷം ഈ ഗ്രാമങ്ങളിലെത്തിയ സാച്ച് മൊബൈല്‍ ഫോണുകളുമായി പുത്തന്‍ ജീവിതം നയിക്കുന്നവരെയാണ് കണ്ടതെന്ന് വ്യക്തമാക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ മില്യേനിയം വില്ലേജ് പ്രൊജക്ടിന്റെ ഭാഗമായി പതിനാലോളം ആഫ്രിക്കന്‍ രാജ്യങ്ങളിലെത്തിയപ്പോഴാണ് സാച്ച് മൊബൈല്‍ ഫോണിലൂടെ ദാരിദ്ര്യം മറക്കുന്ന ഗ്രാമവാസികളെ കണ്ടെത്തിയത്.

അഞ്ചുവര്‍ഷം മുമ്പ് മലിനജലം കുടിച്ച് രോഗങ്ങളുമായി കഴിഞ്ഞിരുന്ന ഗ്രാമവാസികളില്‍ മുപ്പത് ശതമാനത്തിലധികം പേരുടെ കൈയ്യിലും മൊബൈല്‍ ഉണ്ടായിരുന്നുവെന്നാണ് സാച്ച് പറയുന്നത്. വികസിതരാജ്യങ്ങളിലെ ജനങ്ങള്‍ മൊബൈല്‍ ഫോണ്‍വഴി ചെയ്യുന്ന കാര്യങ്ങളെല്ലാം ഈ ദരിദ്രരാജ്യങ്ങളിലെ ജനങ്ങളും ചെയ്യുന്നുണ്ട്. ആശുപത്രി സഹായങ്ങള്‍ക്കുവേണ്ടിയും പ്രണയസന്ദേശങ്ങള്‍ അയക്കുന്നതിനും സേവിംങ് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനുമെല്ലാം ദരിദ്രകോടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു.

സമ്പന്നര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതുപോലെ ദരിദ്രര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ അത് ദാരിദ്ര്യത്തിനെതിരെ പൊരുതാനുള്ള ആയുധമായി മാറിയെന്നല്ല സാച്ച് പറയുന്നത്. ദാരിദ്ര്യത്തെ ഒരുപരിധിവരെ മാറ്റിനിര്‍ത്തുന്നതിനും മറക്കുന്നതിനും മൊബൈല്‍ ഫോണ്‍ കാരണമാകുന്നുണ്ടെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. മൊബൈല്‍ ഫോണ്‍ വികസന കാര്യത്തിലെ ആദ്യപടിയാണെന്ന് ജെഫ്രി സാച്ച് വ്യക്തമാക്കുന്നു. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ എര്‍ത്ത് ഇന്‍സ്റ്റിട്ട്യൂട്ടിന്റെ തലവനായ ജെഫ്രി സാച്ച് എഴുതിയ ദ എന്‍ഡ് ഓഫ് പോവര്‍ട്ടി എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

ദാരിദ്ര്യം മിക്കവാറും ഗ്രാമങ്ങളെയും രാജ്യങ്ങളുടെ ഒറ്റപ്പെട്ട തുരുത്തകളാക്കി മാറ്റുന്നു. ശരിയായ വാര്‍ത്ത വിനിമയ ഉപകരണങ്ങള്‍ ഇല്ലാത്ത പല നാടുകളും വികസനകാര്യത്തില്‍ പിന്നില്‍ നില്‍ക്കുന്നതായാണ് അദ്ദേഹം പ്രധാനമായും കണ്ടെത്തിയത്. വിദ്യാഭ്യാസം നേടുന്ന കാര്യത്തിലും സര്‍്ക്കാരിന്റെ സേവനങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തിലും വാര്‍ത്ത വിനിമയ സൗകര്യങ്ങളില്ലാത്ത നാടുകള്‍ പിന്നില്‍ നില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇതെല്ലാം മൊബൈല്‍ ഫോണ്‍ വന്നതോടെ ഇല്ലാതായി എന്നാണ് ജെഫ്രി സാച്ച് പ്രാഥമികമായി പറഞ്ഞുവെയ്ക്കുന്നത്.

കെനിയയിലും ഉഗാണ്ടയിലുമെല്ലാം ജോലിക്ക് ശമ്പളം മൊബൈല്‍ ഫോണ്‍ സര്‍വ്വീസ് വഴി ലഭിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറിയിട്ടുണ്ടെന്നാണ് ജെഫ്രി സാച്ച് വെളിപ്പെടുത്തുന്നത്. റുവാണ്ടയിലെ ഗ്രാമങ്ങളിലൂടെ നടക്കുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യുന്ന ചെറുകിട സ്ഥാപനങ്ങളെയും വ്യക്തികളെയും ധാരാളമായി കാണാമെന്ന് അദ്ദേഹം പറയുന്നു. മൊബൈല്‍ ഫോണിന്റെ ഉപയോഗവും സാമ്പത്തിക വ്യവസ്ഥയുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തിയ മിഷിഗാം യൂണിവേഴ്‌സിറ്റിയുടെ വിവരങ്ങള്‍ പ്രകാരമാണ് അദ്ദേഹം തന്റെ വാദങ്ങളെ ഉറപ്പിക്കുന്നത്.

2006ല്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം മൊബൈല്‍ ഫോണിന്റെ ഉപഭോഗം പത്ത് ശതമാനം കൂടിയ സ്ഥലങ്ങളിലെല്ലാംതന്നെ സാമ്പത്തികമേഖലയില്‍ 0.6%ത്തിന്റെ വളര്‍ച്ച ഉണ്ടായിട്ടുണ്ട് എന്നാണ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ഈ കണ്ടെത്തല്‍ പ്രകാരം ആഫ്രിക്കന്‍ രാജ്യങ്ങളിലെ സാമ്പത്തികമേഖലയില്‍ നല്ല വളര്‍ച്ച ഉണ്ടായിട്ടുണ്ടെന്നാണ് ജെഫ്രി സാച്ച് പറയുന്നത്.

2000ല്‍ 17,000 ഉപഭോക്താക്കളുമായി കെനിയയില്‍ സര്‍വ്വീസ് തുടങ്ങിയ സഫാരികോം എന്ന മൊബൈല്‍ കമ്പനിയ്ക്ക് ഇപ്പോള്‍ 18 മില്യണ്‍ ഉപഭോക്താക്കളാണ് ഉള്ളത്. പല യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്ളതിനേക്കാളും മികച്ച സര്‍വ്വീസാണ് സഫാരികോമിന് കെനിയയില്‍ ഉള്ളതെന്നാണ് കമ്പനി വക്താക്കള്‍ പറയുന്നത്. മൊബൈല്‍ ഫോണ്‍വഴിയുള്ള വ്യാപാരങ്ങള്‍ ശക്തമാക്കിയ സഫാരികോം ആഫ്രിക്കയിലെ ദരിദ്രരാജ്യങ്ങളില്‍ വന്‍ വിപ്ലവമാണ് അഴിച്ചുവിട്ടത്.

യുകെയിലെ ഫോഡവോണുമായി ബന്ധപ്പെട്ട് സാമ്പത്തികരംഗത്ത് വന്‍ അഴിച്ചുപണിക്കാണ് സാഫാരികോം ഒരുങ്ങിയത്. മൊബൈല്‍ ഫോണ്‍ വഴി പണം കൈമാറ്റം ചെയ്യാവുന്ന നൂതനാശയം ആഫ്രിക്കയിലെ ദരിദ്രകോടികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഈ സംവിധാനംവഴി കെനിയയില്‍ മാത്രം വര്‍ഷം ഒരു ബില്യണ്‍ ഡോളറാണ് കൈമാറ്റം ചെയ്യപ്പെട്ടത്.

കെനിയയിലെ എഴുപത് ജോലികളും ഇപ്പോള്‍ കൈകാര്യം ചെയ്യപ്പെടുന്നത് മൊബൈല്‍ ഫോണ്‍ വഴിയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വേള്‍ഡ് ബാങ്കിന്റെയും മറ്റും മൊബൈല്‍ ബാങ്കിംങ് മേഖല കൈകാര്യം വിദഗ്ദന്മാര്‍ ഇപ്പോള്‍ ആഫ്രിക്കന്‍ രാജ്യങ്ങളെ ലക്ഷ്യംവെച്ചിരിക്കുകയാണ്. മൊബൈല്‍ ഫോണ്‍ വഴി പണം കൈമാറ്റം ചെയ്യാമെന്ന രീതി ആഫ്രിക്കയിലെ ഗ്രാമങ്ങളിലെ സാമ്പത്തികരംഗത്തെ ഉത്തേജിപ്പിച്ചിട്ടുണ്ട് എന്നാണ് വിദഗ്ദര്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.