1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2012

ലണ്ടന്‍ : അഫ്ഗാന്‍ ദൗത്യത്തിനിടയില്‍ കൊല്ലപ്പെട്ട ബ്രട്ടീഷ് സൈനികരുടെ ശരീരഭാഗങ്ങള്‍ ബന്ധുക്കളുടെ അനുമതിയില്ലാതെ പ്രതിരോധ മന്ത്രാലയം സൂക്ഷിച്ചിരിക്കുന്നതായി വെളിപ്പെടുത്തല്‍. ആറ് ശരീരഭാഗങ്ങളും അന്‍പതിലധികം ടിഷ്യു സാമ്പിളുകളുമാണ് മരിച്ചുപോയ സൈനികരുടെ ബന്ധുക്കളുടെ അനുമതിയില്ലാതെ പ്രതിരോധ മന്ത്രാലയം സൂക്ഷിച്ചിരിക്കുന്നത്. സംഭവം സത്യമാണന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിരോധ മന്ത്രാലയം ഖേദം രേഖപ്പെടുത്തി. ചില സൈനികരുടെ ശരീരഭാഗങ്ങളും സാമ്പിളുകളും കുടുംബാംഗങ്ങളുടെ അനുമതിയില്ലാതെ സൂക്ഷിച്ചിട്ടുണ്ടെന്നും അവര്‍ക്ക് പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി തന്നെ മാപ്പ് ചോദിച്ചുകൊണട് കത്ത് നല്‍കുമെന്നും മേജര്‍ ജനറല്‍ ജെയിംസ് എഡ്വേര്‍ഡ് അറിയിച്ചു.

രണ്ട് സൈനികരുടെ കുടുംബങ്ങളെ ഇതിനോട് അകം തന്നെ വിവരം അറിയിച്ചിട്ടുണ്ട്. ഒരു സാമ്പിള്‍ 2002 ന് മുന്‍പുളളതാണന്ന് കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായി സൂക്ഷിച്ച സാമ്പിളുകള്‍ റോയല്‍ മിലിട്ടറി പോലീസ് വീണ്ടെടുത്തുകഴിഞ്ഞു. മിലിട്ടറി പോലീസ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തില്‍ പുതിയ മാനേജര്‍ ചാര്‍ജ്ജെടുത്തതോടെയാണ് ഇത്തരമൊരു സംഭവം പുറത്തറിയുന്നത്. സൂക്ഷിച്ചിരിക്കുന്ന ശരീരഭാഗങ്ങള്‍ ഏതൊക്കെ സൈനികരുടേതാണന്നു കണ്ടെത്തിയ ശേഷം അവരുടെ ബന്ധുക്കളെ വിവരം അറിയി്ക്കുമെന്നും ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ച് കഴിഞ്ഞതായും ആര്‍മി വക്താവ് അറിയിച്ചു. ഒക്‌സ്‌ഫോര്‍ഡിലെ ജോണ്‍ റാഡ്ക്ലിഫ് ആശുപത്രിയിലാണ് ശരീരഭാഗങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. എന്നാല്‍ ടിഷ്യൂ സാമ്പിളുകള്‍ വില്‍ഷെയറിലെ ബള്‍ഫോര്‍ഡ് ഗാരിസണിലുളള എസ്‌ഐബിയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലാണ് കണ്ടെത്തിയിരിക്കുന്നത്. ലബോറട്ടറി സ്ലൈഡുകളിലായി സൂക്ഷിച്ചിരിക്കുന്ന ഇവ മരിച്ച സൈനികരുടേതാണന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഒരു സൈനികന്റെ തന്നെ ഒന്നിലധികം സാമ്പിളുകള്‍ ശേഖരിച്ചിട്ടുളളതിനാല്‍ ഏകദേശം അറുപത് സൈനികരുടെ സാമ്പിളുകള്‍ മാത്രമാണ് ശേഖരിച്ചിട്ടുളളതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ദൗത്യത്തിനിടയില്‍ കൊല്ലപ്പെടുന്ന സൈനികരുടെ ടിഷ്യു സാമ്പിളുകള്‍ ശേഖരിച്ച് വയ്ക്കുന്നത് സാധാരണ സംഭവമാണന്നും ഭാവിയില്‍ അന്വേഷണം നടത്തേണ്ടതുണ്ടങ്കില്‍ അതിന് വേണ്ടിയാണ് ഇവ സൂക്ഷിക്കുന്നതെന്നും ആര്‍മി വക്താവ് അറിയിച്ചു. ഇത്തരത്തില്‍ ദൗത്യത്തിനിടയില്‍ കൊല്ലപ്പെടുന്ന എല്ലാ സൈനികരുടേയും ടിഷ്യു സാമ്പിളുകള്‍ ആര്‍മി ശേഖരിക്കാറുണ്ട്്. നിലവിലെ കേസില്‍ ചുരുക്കം ചിലരുടെ സാമ്പിളുകള്‍ ശേഖരിച്ച വിവരം ബന്ധുക്കളെ അറിയിച്ചിട്ടില്ല എന്നതിനാലാണ് എസ്‌ഐബി സാമ്പിളുകള്‍ എടുത്തുകൊണ്ട് പോയിരിക്കുന്നതെന്നും ആര്‍മി വക്താവ് വ്യക്തമാക്കി.

എന്തുകൊണ്ടാണ് ബന്ധുക്കളെ ഇത് സംബന്ധിച്ചുളള വിവരങ്ങള്‍ അറിയിക്കാതിരുന്നതെന്ന് അന്വേഷിക്കുമെന്ന് ആര്‍മി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഭാവിയില്‍ ഇത്തരം സംഭവങ്ങളുണ്ടാകാത്ത രീതിയില്‍ നടപടികള്‍ പരിഷ്‌കരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അറുപത്് ഫോറന്‍സിക് ഐറ്റംസില്‍ തൊണ്ണൂറ് ശതമാനവും ഹിസ്‌റ്റോളജി സ്ലൈഡുകളായാണ് സൂക്ഷിച്ചിരിക്കുന്നതെന്നും അവര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.