സ്വന്തം ലേഖകന്‍: ലോകത്തെ ഭീകരതയില്‍ നിന്ന് രക്ഷിക്കുന്നതില്‍ ഐക്യരാഷ്ട്ര സഭ പരാജയമാണെന്ന് നരേന്ദ്ര മോഡി. ആണവ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമേരിക്കയിലേക്ക് പുറപ്പെടും മുമ്പ് ബ്രസല്‍സില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടിയില്‍ അണ്വായുധങ്ങളുടെയും ആണവ ശേഖരത്തിന്റെയും നേര്‍ക്കുള്ള ഭീഷണിയും ഭീകരവാദികളില്‍ നിന്നുള്ള വെല്ലുവിളിയും ചര്‍ച്ച ചെയ്യും. വാഷിങ്ടണില്‍ നടക്കുന്ന ഉച്ചകോടിയില്‍ അമ്പതിലേറെ ലോക നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഉള്‍പ്പെടെ നിരവധി ലോകനേതാക്കളുമായി ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചര്‍ച്ച നടത്തും. എന്നാല്‍, ഇരുനേതാക്കളും തമ്മില്‍ പ്രത്യേക ഉഭയകക്ഷി ചര്‍ച്ച ഉണ്ടാകില്ലെന്നാണു സൂചന. 2014 ല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം മോഡിയുടെ മൂന്നാമത്തെ അമേരിക്കന്‍ സന്ദര്‍ശനമാണിത്.
തോക്കും ബോംബും ഉപയോഗിച്ച് ഭീകരതയെ നേരിടാന്‍ കഴിയില്ലെന്നു വാഷിങ്ടണിലേക്കുള്ള യാത്രക്കു മുമ്പ് മോഡി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. യുവാക്കളുടെ തീവ്രനിലപാടുകളെ പ്രതിരോധിക്കുന്ന അന്തരീക്ഷമാണു വേണ്ടത്. ഒരു മതവും ഭീകരത പഠിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ ഭീകരതയില്‍നിന്നു രക്ഷിക്കുന്നതില്‍ യു.എന്‍. പരാജയമാകുകയാണ്. പുതിയ വെല്ലുവിളികളാണു നേരിടേണ്ടത്. ഭീകരത എന്തിന്റെ പേരിലാണെങ്കിലും അപലപിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല