അടുത്ത മാസം അമേരിക്കയിലേക്ക് പറക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി അവിടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ സംബന്ധിച്ച ചര്‍ച്ചകളില്‍ പങ്കെടുക്കും. ഡിജിറ്റല്‍ സാമ്പത്തിക സംവിധാനങ്ങള്‍ക്കൊപ്പം എനര്‍ജി റീസൈക്ക്ളിംഗിനെക്കുറിച്ചും വ്യവസായ പ്രമുഖരുമായി ചർച്ച ചെയ്യും.
യു.എൻ പൊതുസഭയുടെ എഴുപതാം വാര്‍ഷിക പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി സെപ്തംബർ അവസാനമാണ് മോഡിയുടെ അമേരിക്കന്‍ യാത്ര. സിലിക്കൺ വാലിയിലെ ഇന്തോ -അമേരിക്കൻ വംശജരെ സെപ്തംബർ 27ന് അഭിസംബോധന ചെയ്യുമെന്നാണ് അനൗദ്യോഗിക വിവരം. 18,000 പേരെ ഉൾക്കൊള്ളാവുന്ന എസ്.എ.പി സെന്ററിൽ നടക്കുന്ന പരിപാടിയിലേക്ക് ഇതുവരെ 25,000 ലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മോഡിയുടെ അമേരിക്കന്‍ സന്ദർശനത്തിന് മുന്നോടിയായി അമേരിക്കൻ വിദേശ കാര്യ മന്ത്രാലയത്തിലെ ദക്ഷിണ -മദ്ധ്യേഷ്യൻ അസിസ്റ്റന്‍റ് സെക്രട്ടറിയും ഇന്ത്യൻ വംശജയുമായ നിഷ ദേശായി ബിസ്വാൾ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്.
മോഡി അമേരിക്കയില്‍ എത്തുമ്പോള്‍ അവിടെ എത്തുന്ന പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച്ച നടത്താന്‍ സാധ്യതയുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലവിലുള്ള നയതന്ത്ര പ്രതിസന്ധി പരിഹരിക്കാന്‍ ഇത് ഉപകരിക്കുമെന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല