സ്വന്തം ലേഖകന്‍: കോഴിക്കോട് മലയാളത്തില്‍ പ്രസംഗിച്ച് കൈയ്യടി വാങ്ങി നരേന്ദ്ര മോഡി, അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി കേരളം പിടിക്കുമെന്ന് അമിത് ഷാ. ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗത്തോട് അനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോഡിയും അമിത് ഷായും. പ്രസംഗത്തില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി ഈ ഭൂഖണ്ഡം വികസനത്തിലേക്ക് നീങ്ങുമ്പോള്‍ ഹിംസയുടെയും അശാന്തിയുടെയും രാഷ്ട്രീയം വിതയ്ക്കാനാണ് ചിലരുടെ ശ്രമമെന്ന് ചൂണ്ടിക്കാട്ടി.
അഫ്ഗാനിസ്ഥാനോ ബംഗ്ലാദേശോ ഏത് രാജ്യമാകട്ടെ അവിടെ തീവ്രവാദ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഈ രാജ്യത്തിന്റെ പേര് ചര്‍ച്ചയാകുന്നുവെന്ന് പാകിസ്താന്റെ പേരെടുത്ത് പറയാതെ മോഡി ആരോപിച്ചു. ഒന്നുകില്‍ ഈ രാജ്യത്ത് നിന്ന് പോകുന്നവര്‍ തീവ്രവാദത്തില്‍ ഏര്‍പ്പെടുന്നു. അല്ലെങ്കില്‍ ബിന്‍ ലാദനെപ്പോലെ തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ ഈ രാജ്യത്ത് അഭയം തേടുന്നു. എല്ലാ ഏഷ്യന്‍ രാജ്യങ്ങളും ഈ രാജ്യത്തെ പാകിസ്താനെ കുറ്റവാളിയായി കാണുന്നുവെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
ഭീകരവാദം മനുഷ്യത്വത്തിന്റെ ശത്രുവാണ് ഭീകരവാദത്തിന് മുന്നില്‍ മുട്ടുമടക്കില്ല. ഉറി ആക്രമണത്തിന് തക്ക മറുപടി നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉറി ആക്രമണത്തെ ഇന്ത്യ മറക്കില്ല. കഴിഞ്ഞ മാസങ്ങളില്‍ ഉണ്ടായ പതിനേഴോളം ആക്രമണങ്ങളെ പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ സൈന്യത്തിന് സാധിച്ചുവെന്നും മോഡി പറഞ്ഞു. കേരളത്തിലെ നേഴ്‌സുമാര്‍ ഭീകരരുടെ പിടിയിലായ സംഭവങ്ങള്‍ അടക്കം പരാമര്‍ശിച്ചു കൊണ്ടാണ് മോഡി തീവ്രവാദത്തിനെതിരെ ആഞ്ഞടിച്ചത്. നേഴ്‌സുമാരുടെ പ്രശ്‌നത്തില്‍ കേന്ദ്രം നടത്തിയ നയതന്ത്ര ഇടപെടലും മോഡി ഓര്‍മ്മിപ്പിച്ചു.
മലയാളത്തിലാണ് മോഡി പ്രസംഗിച്ച് തുടങ്ങിയത്. കേരളത്തിലും മാറ്റമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും വികസനപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. കേരളത്തിലും മാറ്റമുണ്ടാകാന്‍ പോകുന്നു. മാറ്റത്തിന് ബി.ജെ.പി നിമിത്തമാകും. രാജ്യത്തെ മികച്ച സംസ്ഥാനമായി കേരളത്തെ മാറ്റും. ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ദരിദ്രരുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എല്ലാവര്‍ക്കും എല്ലാവര്‍ക്കും വികസനം എന്നതാണ് ലക്ഷ്യം.
കേരളത്തില്‍ അടുത്ത ഭരണം ബി.ജെ.പി നേടുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രസ്താവിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കേരള ജനത 15 ശതമാനം വോട്ട് നല്‍കി. അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഭരണം നേടുമെന്നും അമിത് ഷാ പറഞ്ഞു. അക്രമത്തിലൂടെയും ബി.ജെ.പിക്കെതിരായ അതിക്രമങ്ങളിലൂടെയും ബി.ജെ.പിയെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ജനാധിപത്യപരമായി മറുപടി നല്‍കുമെന്നും അമിത് ഷാ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല