സ്വന്തം ലേഖകന്‍: മലേഷ്യ, സിംഗപ്പൂര്‍ സന്ദര്‍ശനം ഫലപ്രദമെന്ന് പ്രധാനമന്ത്രി മോദി; ഒരുമിച്ചു മുന്നേറാന്‍ ആഹ്വാനം. മലേഷ്യയും സിംഗപ്പൂരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുരാജ്യങ്ങളിലെയും നേതാക്കളുമായി ചര്‍ച്ച നടത്തി. മലേഷ്യയില്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദിനു പുറമേ ഉപപ്രധാനമന്ത്രി വാന്‍ അസിസ വാന്‍ ഇസ്മായിലിനെയും ഭര്‍ത്താവും മുന്‍ ഉപപ്രധാനമന്ത്രിയുമായ അന്‍വര്‍ ഇബ്രാഹിമിനെയും മോദി സന്ദര്‍ശിച്ചു.
തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയ മഹാതിറിനെ മോദി അഭിനന്ദിച്ചു. ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനായി മഹാതിറുമായി നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്നു മോദി പിന്നീട് അറിയിച്ചു. ഇരുവരും തമ്മിലുള്ള ആദ്യചര്‍ച്ചയാണിത്. മലേഷ്യന്‍ സന്ദര്‍ശനത്തിനുശേഷം സിംഗപ്പൂരിലെത്തിയ മോദി പ്രധാനമന്ത്രി ലീ ഷിയാന്‍ ലുങ്, വാര്‍ത്താവിനിമയ മന്ത്രി എസ്.ഈശ്വരന്‍ എന്നിവരോടൊത്ത് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ നടത്തിയ സ്റ്റാര്‍ട്ടപ് മേള സന്ദര്‍ശിച്ചു.
പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം പ്രസിഡന്റ് ഹലിമ യാക്കോബിനെയും മോദി സന്ദര്‍ശിക്കുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ ഊഷ്മള ബന്ധമാണുള്ളതെന്നും ‘രണ്ടു സിംഹങ്ങളും’ ഒന്നിച്ചു മുന്നേറുമെന്നും ബിസിനസ് സമ്മേളനത്തില്‍ മോദി പറഞ്ഞു. മലേഷ്യ ഇന്ത്യയുടെ ഏറ്റവും അടുത്ത വ്യാപാര പങ്കാളിയാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ചരിത്ര, സാംസ്‌കാരിക തലങ്ങളില്‍ ഉറ്റ സൗഹൃദം തുടരുന്ന മലേഷ്യയും ഇന്ത്യയും തമ്മില്‍ അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ടൂറിസം, പ്രതിരോധം തുടങ്ങിയ മേഖലകളിലും സഹകരണം ശക്തമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല