സ്വന്തം ലേഖകന്‍: കുട്ടിക്കാലത്ത് മുതലക്കുഞ്ഞുമായി വീട്ടിലെത്തിയ ഓര്‍മ്മകള്‍ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസ്‌കവറി ചാനലിന്റെ മാന്‍ വേഴ്‌സസ് വൈല്‍ഡ് പരിപാടിയില്‍ അവതാരകന്‍ ബെയര്‍ ഗ്രില്‍സിനൊപ്പമുള്ള യാത്രാവേളയിലാണ് മോദി ഇക്കാര്യം ഓര്‍ത്തെടുത്ത് പറഞ്ഞത്. മുതലക്കുഞ്ഞിന്റെ കഥയെക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോള്‍ മോദി പറഞ്ഞത് ഇങ്ങനെ…
ബാലനായിരിക്കെ കുളിക്കാനായി തടാകത്തില്‍ പോയപ്പോഴായിരുന്നു അത്. തടാക തീരത്ത് നിന്ന് കിട്ടിയ മുതലക്കുഞ്ഞുമായി ഞാന്‍ വീട്ടിലെത്തി. അപ്പോള്‍ എന്റെ അമ്മ ഞാന്‍ ചെയ്തത് ശരിയല്ല എന്ന് പറയുകയും തിരിച്ച് എടുത്തിടത്ത് കൊണ്ടുവിടാനും പറഞ്ഞു. ഞാന്‍ അത് അനുസരിച്ചു മോദി പറയുന്നു. ശൈത്യകാലത്ത് മഞ്ഞുതുള്ളികള്‍ ഉപ്പിന്റെ പാളി തീര്‍ക്കും. കുട്ടിക്കാലത്ത് അത് ശേഖരിച്ച് വീട്ടിലെത്തിക്കുമായിരുന്നു. സോപ്പുപൊടി പോലെ അത് ഉപയോഗിച്ചാണ് ഞാന്‍ തുണി അലക്കിയിരുന്നത്. അത് വെള്ളത്തില്‍ ചേര്‍ത്ത് കുളിക്കാനും ഉപയോഗിച്ചിരുന്നു.
17, 18 വയസ്സുള്ളപ്പോഴാണ് ഞാന്‍ ലോകത്തെ മനസ്സിലാക്കാനായി വീട് വിട്ടിറങ്ങിയത്. പ്രകൃതി സ്‌നേഹിയായിരുന്നതിനാല്‍ ഹിമാലയത്തിലേക്ക് പോകാന്‍ തീരുമാനിച്ചത്. അതാണ് എന്നെ ഇപ്പോഴും നയിക്കുന്നത്. പുറത്തുനിന്നുള്ള ഒരാള്‍ക്ക് എന്റെ ഇന്ത്യയെ ശുദ്ധീകരിക്കാനാകില്ല. ഇന്ത്യയിലെ ജനങ്ങള്‍ തന്നെ ഇന്ത്യയെ ശുദ്ധീകരിക്കും. വ്യക്തി ശുചിത്വമാണ് ഇന്ത്യക്കാരുടെ സംസ്‌കാരം.
ഇസ്തിരിപ്പെട്ടിയുണ്ടായിരുന്നില്ല വീട്ടില്‍. പകരം കല്‍ക്കരി ചെമ്പുപാത്രത്തില്‍ കത്തിച്ചാണ് സ്‌കൂള്‍ പഠനകാലത്ത് തുണിതേച്ചിരുന്നത്. 18 വര്‍ഷക്കാലത്തിനിടെ തന്റെ ആദ്യ അവധിക്കാലമാണ് ഇതെന്നും മോദി ബെയറോട് പറയുന്നുണ്ട്. ശുഭകാര്യങ്ങള്‍ ചിന്തിക്കുന്നു അതിനാല്‍ തന്നെ ഒരിക്കലും നിരാശ തോന്നാറില്ല. ഭയം എന്താണെന്ന് താന്‍ അറിഞ്ഞിട്ടില്ല. അത് എന്താണെന്ന് വിശദീകരിക്കാനോ അത് നേരിടുന്നത് എങ്ങനെ എന്നുപോലും പറഞ്ഞുകൊടുക്കാനും തനിക്കറിയില്ല.
പ്രകൃതിയുമായി ഇണങ്ങി ജീവിച്ചാല്‍ ഭയക്കേണ്ടതില്ല. എന്നാല്‍ പ്രകൃതിക്കെതിരായി പ്രവര്‍ത്തിച്ചാല്‍ അത് അപകടകരമാകുമെന്നും മോദി പറയുന്നു. ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് ദേശീയ ഉദ്യാനത്തില്‍ ചിത്രീകരിച്ച പരിപാടി തിങ്കളാഴ്ച രാത്രി ഡിസ്‌കവറി ചാനലില്‍ സംപ്രേക്ഷണം ചെയ്തു. ഈ പരിപാടിയില്‍ അതിഥിയായി എത്തുന്ന രണ്ടാമത്തെ നേതാവാണ് മോദി. 2015 ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് ആദ്യമായി അതിഥിയായി എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല