സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ഹിന്ദുക്കളേയും മുസ്ലീങ്ങളേയും അകറ്റുകയെന്ന പാക് ചാര സംഘടന ഐഎസ്‌ഐയുടെ 70 വര്‍ഷത്തെ ലക്ഷ്യം മോദി സര്‍ക്കാര്‍ വെറും മൂന്നു വര്‍ഷം കൊണ്ട് സാധിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. എഎപിയുടെ അഞ്ചാം വാര്‍ഷികത്തില്‍ ഡല്‍ഹി രാംലീല മൈതാനത്ത് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ മുസ്‌ലിം, ഹിന്ദു എന്നിങ്ങനെ വിഭജിക്കുകയെന്നത് പാക്കിസ്ഥാന്റെ എക്കാലത്തേയും വലിയ സ്വപ്നമാണ്. ഐഎസ്‌ഐ ചാരന്‍മാര്‍ക്ക് 70 വര്‍ഷംകൊണ്ട് സാധിക്കാനാവാത്ത ഈ സ്വപ്നം ബിജെപി മൂന്നു വര്‍ഷത്തില്‍ സാധിച്ചെടുത്തതായും കേജരിവാള്‍ പറഞ്ഞു.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുന്ന സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും വോട്ട് ചെയ്യാന്‍ കേജരിവാള്‍ ആഹ്വാനം ചെയ്തു. എഎപിക്ക് വിജയിക്കാന്‍ സാധിക്കുന്ന മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യണം. ബിജെപി പരാജയപ്പെടുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. 182 നിയമസഭാ മണ്ഡലങ്ങളുള്ള ഗുജറാത്തില്‍ എഎപിയുടെ 20 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. അഴിമതിയില്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിനെപ്പോലെതന്നെയാണെന്ന് കേജരിവാള്‍ ആരോപിച്ചു.
കോണ്‍ഗ്രസിന് സംഭവിച്ചതുതന്നെ ബി.ജെ.പിക്കും സംഭവിക്കും. വ്യാപം, റാഫേല്‍ അഴിമതി, ബിര്‍ല, സഹാറ ഡയറി എന്നിവ ഇക്കാര്യമാണ് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിനെ പിഴുതെറിഞ്ഞതുപോലെ ബി.ജെ.പിയുടെ സമയവും അടുത്തു കഴിഞ്ഞുവെന്നും കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ കഴിഞ്ഞ 70 വര്‍ഷമായി ഒരു സര്‍ക്കാരിനും കഴിയാത്ത രീതിയിലാണ് എ.എ.പി പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹിയില്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി, സൗജന്യമായി കുടിവെള്ളം, ആശുപത്രികളില്‍ സൗജന്യ മരുന്നും പരിശോധനയും എന്നിവ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല