1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2018

സ്വന്തം ലേഖകന്‍: കേന്ദ്ര സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം ഇന്ന് ലോക്‌സഭയില്‍; പ്രധാനമന്ത്രി അധികാരത്തിലേറി ആദ്യ ബല പരീക്ഷണം. കേന്ദ്ര മന്ത്രിസഭയില്‍ അവിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയം വെള്ളിയാഴ്ച ലോക്‌സഭയില്‍ ചര്‍ച്ച ചെയ്ത് വോട്ടിനിടും. സര്‍ക്കാറിന് പ്രത്യക്ഷത്തില്‍ ഭീഷണിയില്ലെങ്കിലും എന്‍.ഡി.എ സഖ്യത്തില്‍ വിമതരായി പ്രവര്‍ത്തിക്കുന്ന ശിവസേന അവസാന നിമിഷം ബി.ജെ.പിയെ സമ്മര്‍ദത്തിലാക്കി.

വ്യാഴാഴ്ച പകല്‍ അവിശ്വാസത്തെ എതിര്‍ക്കാന്‍ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയ ശിവസേന രാത്രി വിപ്പ് പിന്‍വലിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയേ നിലപാട് വ്യക്തമാക്കൂ സേന വൃത്തങ്ങള്‍ അറിയിച്ചു. 18 എം.പിമാരാണ് ശിവസേനക്കുള്ളത്. അതേസമയം എന്‍.ഡി.എ സഖ്യത്തില്‍ അംഗമല്ലെങ്കിലും പിന്തുണക്കുന്ന എ.ഐ..എ.ഡി.എം.കെയുടെ പിന്തുണ ബി.ജെ.പി ഉറപ്പാക്കിയിട്ടുണ്ട്.

ബി.ജെ.പിയിലെ തന്നെ വിമതരെ പ്രതിനിധീകരിക്കുന്ന ശത്രുഘ്‌നന്‍ സിന്‍ഹ അടക്കമുള്ളവരും അവിശ്വാസ പ്രമേയത്തിനെതിരെ വോട്ടു ചെയ്യും. സര്‍ക്കാറിനെ താഴെ വീഴ്ത്താന്‍ കഴിയില്ലെന്ന ബോധ്യം പ്രതിപക്ഷത്തിനുമുണ്ട്. അതേസമയം, മോദിസര്‍ക്കാറിന്റെ വികല നടപടികള്‍, ആള്‍ക്കൂട്ട അതിക്രമങ്ങള്‍, അസഹിഷ്ണുത, രാജ്യത്ത് നിലനില്‍ക്കുന്ന ഭയപ്പാടിന്റെ അന്തരീക്ഷം തുടങ്ങി വിവിധ വിഷയങ്ങള്‍ സഭയില്‍ ഉന്നയിച്ച് ബി.ജെ.പി ഭരണത്തെ തുറന്നുകാട്ടാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്.

കോണ്‍ഗ്രസ്, സി.പി.എം, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ടി.ഡി.പി തുടങ്ങി വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയത്തെ പിന്തുണക്കുന്നു. ഐക്യം ഉയര്‍ത്തിക്കാട്ടാന്‍ പ്രതിപക്ഷം ശ്രമിക്കുമ്പോള്‍, പ്രതിപക്ഷത്തെ വൈരുദ്ധ്യങ്ങള്‍ പുറത്തു കൊണ്ടുവരാനുള്ള അവസരമായാണ് ബി.ജെ.പി അവിശ്വാസ ചര്‍ച്ചയെ കാണുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.