സ്വന്തം ലേഖകൻ: ഗുജറാത്തിലെ ദ്വാരകയിലെ കച്ഛ് ഉൾക്കടലിൽ നിർമിച്ച പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്തു. ഇന്ത്യയിലെ ഏറ്റവുംനീളമുള്ള കേബിൾ പാലമാണിത്. ‘സുദർശൻ സേതു’വെന്നാണ് പാലത്തിന് പേരിട്ടിരിക്കുന്നത്. ദ്വാരകയിലെ ഓഖയിൽനിന്ന് ബേത് ദ്വാരക ദ്വീപിലേക്കുള്ള പാലത്തിന് 2.32 കിലോമീറ്റർ നീളമുണ്ട്. അനുബന്ധ റോഡുകൾക്ക് 2.45 മീറ്റർവീതം ദൈർഘ്യം വരും.
150 മീറ്റർവീതം ഉയരമുള്ള രണ്ട് ഉരുക്കുടവറുകളിൽനിന്നാണ് കേബിളുകൾ വലിച്ചിട്ടുള്ളത്. മൂന്ന് സ്പാനുകളും 34 തൂണുകളുമുണ്ട്. 27.2 മീറ്റർ വീതിയുണ്ട്. ഇതിൽ വാഹനങ്ങൾക്ക് രണ്ടുപാതകളും രണ്ടു കാൽനടവീഥികളുമുണ്ട്. നടപ്പാതയുടെ മേൽക്കൂരയിൽ സൗരോർജപാനലുകൾ വഴി ഒരു മെഗാവാട്ട് വൈദ്യുതി ഉത്‌പാദിപ്പിക്കുന്നു.
2017-ൽ പണിതുടങ്ങിയ പാലത്തിന് 978 കോടി രൂപ ചെലവായി. ദ്വാരകാധീശ ക്ഷേത്രത്തിൽനിന്ന് മുപ്പത് കിലോമീറ്റർ അകലെയാണ് ഓഖ. ബേത് ദ്വാരകയിലാണ് ശ്രീകൃഷ്ണന്റെ അന്തഃപുരമെന്നു വിശ്വാസമുള്ളതിനാൽ ധാരാളം തീർഥാടകർ ഇവിടത്തെ ക്ഷേത്രത്തിലും എത്തുന്നു. ബോട്ടുകളിൽ അഞ്ചുകിലോമീറ്ററോളം കടൽവഴി യാത്രചെയ്താണ് സന്ദർശകർ ദ്വീപിലെത്തിയിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല