സ്വന്തം ലേഖകന്‍: ബ്രിക്‌സ് ഉച്ചകോടിയ്ക്ക് തുടക്കം, ദൊക് ലാ സംഘര്‍ഷത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി ചൈനയില്‍. ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് ചൈനയിലെ ഷിയാമെനില്‍ തുടക്കമാകുമ്പോള്‍ ദോക് ലാമില്‍ നിന്ന് ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിച്ച ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയില്‍ എത്തുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി മോദി കൂടിക്കാഴ്ച്ച നടത്തിയേക്കുമെന്നും ദോക് ലാം വിഷയം ഉന്നയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനേയും മോദി കാണും. ഉച്ചകോടിയില്‍ ചൈനയുടെ എതിര്‍പ്പ് മറികടന്ന് പാകിസ്ഥാനിലെ ഭീകരവാദം ഇന്ത്യ ഉന്നയിക്കുമെന്നും സൂചനയുണ്ട്. സാമ്പത്തിക സഹകരണം, വ്യാപാരം, സുരക്ഷ എന്നീ മേഖലകളിലെ സഹകരണത്തിന് അംഗ രാജ്യങ്ങള്‍ ധാരണപത്രം ഒപ്പിടും. കഴിഞ്ഞ ദിവസം ഷിയാമെനില്‍ ഇന്ത്യന്‍ സമൂഹം മോദിക്ക് സ്വീകരണം നല്‍കിയിരുന്നു.
ചൈനയിലെത്തിയ മോദിയെ ചൈനീസ് വിദേശകാര്യ ഉപമന്ത്രി കോങ് സുവാന്‍യു, ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ലുവൊ സോഹു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ശോഭനമായ ഭാവിക്കായി ശക്തമായ പങ്കാളിത്തം’ എന്ന ഒമ്പതാം ബ്രിക്‌സ് ഉച്ചകോടിയുടെ പ്രമേയം. ചൈനയുടെ പ്രത്യേക ക്ഷണപ്രകാരം ഈജിപ്ത്, കെനിയ, തജിക്കിസ്ഥാന്‍, മെക്‌സിക്കോ, തായ്‌ലന്‍ഡ് എന്നീ രാഷ്ട്രങ്ങളും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിക്ക് ശേഷം മറ്റന്നാള്‍ പ്രധാനമന്ത്രി മ്യാന്‍മറിലേക്ക് പോകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല