1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2017

സ്വന്തം ലേഖകന്‍: ഇന്ത്യയും മ്യാന്മറും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മ്യാന്മര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി 11 കരാറുകളില്‍ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാന്മര്‍ സ്‌റ്റേറ്റ് കൗണ്‍സിലര്‍ ഓങ്‌സാന്‍ സൂചിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് നാവിക സുരക്ഷ സഹകരണം ഉള്‍പ്പെടെ വിവിധ മേഖലകളിലെ പങ്കാളിത്തം ഉറപ്പു നല്‍കുന്ന കരാറുകളില്‍ ഇരുനേതാക്കളും ഒപ്പുവെച്ചത്.

ചരക്കു കപ്പലുകളുടെ നീക്കമടക്കം ഷിപ്പിങ് മേഖലയിലെ വിവരങ്ങള്‍ പരസ്പരം കൈമാറാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. കൂടാതെ ഇരു രാജ്യങ്ങളുടെയും പ്രസ്‌കൗണ്‍സിലുകളുടെ സഹകരണത്തിനും 20172020 കാലത്തേക്ക് സാംസ്‌കാരിക വിനിമയ പരിപാടികള്‍ക്കും ധാരണയായി. ഐ.ടി രംഗത്തെ വികസനത്തിനായി ഇന്ത്യ മ്യാന്മര്‍ സെന്റര്‍ സ്ഥാപിക്കും. മ്യാന്മറിലെ യമേതിനില്‍ വനിത പൊലീസ് പരിശീലന കേന്ദ്രം സ്ഥാപിക്കും.

മ്യാന്മറിലെ ആഭ്യന്തര സുരക്ഷ പ്രശ്‌നങ്ങളില്‍ ഉത്കണ്ഠകള്‍ പങ്കുവെച്ചതായി സംയുക്ത വാര്‍ത്തസമ്മേളനത്തില്‍ മോദി പറഞ്ഞു. തീവ്രവാദമടക്കം മ്യാന്മര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്നതായി അദ്ദേഹം വ്യക്തമാക്കി. സമാധാനവും നീതിയും ഉറപ്പുവരുത്താന്‍ യോജിച്ച് പ്രവര്‍ത്തിക്കുകയും ഭീകരതക്കെതിരെ ഒരുമിച്ച് നീങ്ങുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മ്യാന്മറിലെ റഖിനെ സ്‌റ്റേറ്റില്‍ പട്ടാളവും റോഹിംഗ്യകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുകയും 1,25,000 റോഹിംഗ്യകള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് മോദിയുടെ സന്ദര്‍ശനം.

മ്യാന്മര്‍ പ്രസിഡന്റ് ടിന്‍ ജോയുമായും മോദി കൂടിക്കാഴ്ച നടത്തി. ചൈനയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കുശേഷമാണ് പ്രധാനമന്ത്രി മോദി മ്യാന്മര്‍ സന്ദര്‍ശനത്തിനെത്തിയത്. റോഹിംഗ്യകള്‍ക്കു നേരെ നടക്കുന്നത് ആസൂത്രിതമായ വംശീയ ഉന്മൂലനമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് അന്താരാഷ്ട്ര സമൂഹം സൂചിക്കുമേല്‍ കടുത്ത സമ്മര്‍ദം തുടരുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.