1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2016

സ്വന്തം ലേഖകന്‍: നരേന്ദ്ര മോദി സ്വിസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി, നികുതിവെട്ടിപ്പും കള്ളപ്പണവും തടയാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണ. നികുതി തട്ടിപ്പുകാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനുള്ള വിവരങ്ങള്‍ വേഗതയില്‍ കൈമാറുന്നതിനുള്ള ചര്‍ച്ചകള്‍ക്കു തുടക്കമിടാനും ജനീവയില്‍ സ്വിസ് പ്രസിഡന്റ് ജോഹാന്‍ ഷ്‌നീഡര്‍ അമ്മാനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായി.

ഇന്ത്യയില്‍ സ്ഥാപനങ്ങളുള്ള നിരവധി സ്വിസ് കമ്പനികളുണ്ട്. ഇന്ത്യയും സ്വിറ്റ്‌സര്‍ലാന്‍ഡും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തവും ഊര്‍ജസ്വലവുമാണ്. ലോകത്ത് സമാധാനത്തിന്റെ ശബ്ദവും മാനവിക മൂല്യങ്ങളും നിര്‍ണയിക്കുന്നതിലും ഇരുരാജ്യങ്ങള്‍ക്കും പങ്കുണ്ട്. ഇന്ത്യയുടെ വികസന സ്വപ്നങ്ങളും സ്വിസ് ശക്തിയും തമ്മില്‍ നല്ല ബന്ധമാണുള്ളത്. സ്വിസ് കമ്പനികളെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയില്‍ പങ്കാളിയാകാന്‍ ക്ഷണിക്കുകയാണെന്നും മോഡി വ്യക്തമാക്കി.

സ്വിസ് വൊക്കേഷണല്‍ ആന്റ് എഡ്യൂക്കേഷണല്‍ ട്രെയിനിംഗ് സമ്പ്രദായം ഇന്ത്യയുടെ ആവശ്യത്തിന് ഉതകുന്ന വിധത്തില്‍ രൂപപ്പെടുത്താന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയില്‍ തീരുമാനമായി. സ്വിസ് സന്ദര്‍ശകര്‍ക്ക് ഇടൂറിസ്റ്റ് വിസ സൗകര്യം ഏര്‍പ്പെടുത്താനും ധാരണയായെന്നും മോഡി പറഞ്ഞു.

ഇന്ത്യസ്വിസ് സഹകരണം സാനിയ മിര്‍സയ്ക്കും ലീയാന്‍ഡര്‍ പേസിനുമൊപ്പമുള്ള മര്‍ട്ടീന ഹിംഗിസിന്റെ പങ്കാളിത്തം പോലെയാണെന്നും മോഡി പരാമര്‍ശിച്ചു. ആണവ നിര്‍വാഹക സമിതിയില്‍ (എന്‍.എസ്.ജി) ഇന്ത്യയുടെ അംഗത്വത്തിന് സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ പിന്തുണ തേടിയുമാണ് മോഡി പ്രസിഡന്റിനെ കണ്ടത്.

സ്വിസ് പ്രസിഡന്റുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ ശേഷം മോഡി യു.എസിലേക്ക് പുറപ്പെട്ടു. വാഷിംഗ്ടണ്‍ ഡി.സിയില്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തുന്ന മോഡി യു.എസ് കോണ്‍ഗ്രസിലും പ്രസംഗിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.