സ്വന്തം ലേഖകന്‍: 2022 ഓടെ ഇന്ത്യയെ സാമ്പത്തിക ശക്തിയാക്കും, യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി. രാഷ്ട്രീയമായി ശാക്തീകരിക്കപ്പെട്ട ഇന്ത്യന്‍ ജനതയെ സ്വാതന്ത്ര്യത്തിന്റെ 75 ആം വാര്‍ഷികമായ 2022 ഓടെ സാമ്പത്തികമായും ശാക്തീകരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ‘സ്വാതന്ത്ര്യവും ജനാധിപത്യവും സമത്വവും ആത്മാവിന്റെ സത്തയാക്കിയ ഒരു ആധുനിക രാഷ്ട്രത്തെയാണ് ഞങ്ങളുടെ സ്ഥാപകര്‍ സൃഷ്ടിച്ചത്. ഇന്ന് ഇന്ത്യ ജീവിക്കുകയും വളരുകയും ആഘോഷിക്കുകയും ചെയ്യുന്നത് ഏക മനസ്സോടെയാണ്’, യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
പുതിയ സ്വതന്ത്രരാജ്യമായി ഇന്ത്യ ഉയര്‍ന്നുവന്നപ്പോള്‍ പലരും സംശയം പുലര്‍ത്തിയിരുന്നു. എന്നാല്‍, ഞങ്ങള്‍ ജനാധിപത്യത്തിലുള്ള വിശ്വാസം ഊട്ടിയുറപ്പിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. യുഎസ് കോണ്‍ഗ്രസില്‍ സംസാരിക്കാനുള്ള അവസരം ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് മോദി പറഞ്ഞു. ജനാധിപത്യത്തിന്റെ ഈ ക്ഷേത്രം ലോകത്തെങ്ങുമുള്ള ജനാധിപത്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നു. ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യത്തിന്റെ പ്രതിനിധിയെന്ന നിലക്ക് ജനാധിപത്യത്തിന്റെ ഏറ്റവും പഴക്കമേറിയ നേതൃത്വത്തോട് സംസാരിക്കാനായതില്‍ അഭിമാനമുണ്ട്. യു.എസ് ഭരണഘടന ബി.ആര്‍. അംബേദ്കറെ സ്വാധീനിച്ചിരുന്നു. ഗാന്ധിജിയുടെ അഹിംസാ മാര്‍ഗം മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെ ഏറെ സ്വാധീനിച്ചുവെന്ന് മോദി പറഞ്ഞപ്പോള്‍ സെനറ്റ് അംഗങ്ങള്‍ എഴുന്നേറ്റുനിന്ന് കൈയടിച്ചു.
പ്രസിഡന്റ് അബ്രഹാം ലിങ്കണെ അനുസ്മരിച്ച മോദി, എല്ലാ മനുഷ്യരും സമന്മാരായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ചൂണ്ടിക്കാട്ടി. സ്വാമി വിവേകാനന്ദന്റെ പ്രശസ്തമായ ഷികാഗോ പ്രസംഗവും മോദി അനുസ്മരിച്ചു. ഇന്ത്യയും യു.എസും സ്വാഭാവിക സഖ്യകക്ഷികളാണെന്നാണ് എ.ബി. വാജ്‌പേയി വിശേഷിപ്പിച്ചിരുന്നത്. ഏറ്റവും അനിവാര്യമായ സമയത്ത് ഞങ്ങള്‍ക്കൊപ്പം നിങ്ങളുണ്ടായിരുന്നുവെന്നതില്‍ നന്ദിയുണ്ട്. 2008ലെ മുംബൈ ഭീകരാക്രമണസമയത്ത് യു.എസ് നല്‍കിയ ഐക്യദാര്‍ഢ്യം ഇന്ത്യ ഒരിക്കലും മറക്കില്ലെന്നും മോദി ഓര്‍മിച്ചു.
അമേരിക്കയില്‍ 25 ലേറെ സംസ്ഥാനങ്ങളിലൂടെ ഞാന്‍ സഞ്ചരിച്ചു. ജനങ്ങളുടെ സ്വപ്നങ്ങളിലാണ് ഈ രാജ്യത്തിന്റെ യഥാര്‍ഥ കരുത്ത് എന്ന കാര്യം എനിക്ക് മനസ്സിലായി. പൊതുജനാരോഗ്യം, വിദ്യാഭ്യാസം, കൃഷി എന്നിവയെ നവീകരിക്കാന്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ശാസ്ത്രസാങ്കേതിക സഹകരണം വഴി കഴിയും. ഹരിതവിവത്തിന്റെ പിതാവായി അറിയപ്പെടുന്ന യു.എസ് ശാസ്ത്രജ്ഞന്‍ നോര്‍മന്‍ ബൊര്‍ലോഗിന്റെ പ്രതിഭയാണ് ഇന്ത്യക്ക് ഹരിത വിപ്ലവവും ഭക്ഷ്യസുരക്ഷയും പ്രദാനം ചെയ്തതെന്നും മോദി ചൂണ്ടിക്കാട്ടി.
മറ്റു രാഷ്ട്ര നേതാക്കന്മാര്‍ക്കായി അപൂര്‍വമായാണ് യു.എസ് കോണ്‍ഗ്രസ് സംയുക്ത സമ്മേളനം ചേരാറുള്ളത്. നിറഞ്ഞ കൈയ്യടികളൊടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ കോണ്‍ഗ്രസ് അംഗങ്ങള്‍ സമ്മേളനം നടന്ന ക്യാപിറ്റോള്‍ ഹാളിലേക്ക് വരവേറ്റത്. ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം അടക്കമുള്ള പ്രതിരോധ ബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ചതിനു ശേഷമാണ് മോദി ഇന്ത്യയിലേക്ക് മടങ്ങുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല