സ്വന്തം ലേഖകന്‍: നരേന്ദ്ര മോദി ഡിസംബര്‍ 15 ന് കേരളത്തില്‍, ചടങ്ങില്‍ മുഖ്യമന്ത്രിക്ക് വിലക്കെന്ന് പുതിയ വിവാദം. മോദി പങ്കെടുക്കുന്ന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ചടങ്ങില്‍ നിന്ന് പിന്‍മാറുമെന്ന് അറിയിച്ചു.
ഡിസംബര്‍ 15 ന് നടക്കുന്ന ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്നാണ് ഉമ്മന്‍ ചാണ്ടി പിന്‍മാറിയത്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍ ഫോണിലൂടെ വിളിച്ച് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് പിന്‍മാറ്റമെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചു.
ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയെ ആയിരുന്നു അധ്യക്ഷനായി നിശ്ചയിച്ചിരുന്നത്. മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കുന്നതിനോട് ചില കേന്ദ്രങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്നാണ് വെള്ളാപ്പള്ളി അറിയിച്ചത് എന്നാണ് ഉമ്മന്‍ ചാണ്ടി പത്രക്കുറിപ്പിലൂടെ അറിയിച്ചത്.
അതീവ ദു:ഖത്തോടെയാണ് പരിപാടിയില്‍ നിന്ന് പിന്‍മാറുന്നതെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു. കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിയ്ക്കാന്‍ ഉമ്മന്‍ ചാണ്ടിയുണ്ടാകും. പരിപാടിയില്‍ പങ്കെടുക്കാതിരിക്കാനുള്ള സാഹചര്യം പ്രധാനമന്ത്രിയെ അറിയിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ശിവഗിരി തീര്‍ത്ഥാടനത്തിന് നരേന്ദ്ര മോദിയെ ക്ഷണിച്ചില്ലെന്ന് മഠം അറിയിച്ചത് വലിയ വിവാദമായിരുന്നു. മോദിയ്ക്ക് ശിവഗിരിയില്‍ വരുന്നതിന് തടസ്സമില്ല, പക്ഷേ തങ്ങള്‍ ക്ഷണിച്ചിട്ടല്ല അദ്ദേഹം വരുന്നത് എന്നാണ് മഠം വ്യക്തമാക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് തീര്‍ത്ഥാടനം ഇത്തവണ ഉദ്ഘാടനം ചെയ്യുന്നത്.
ഈ സംഭവത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിഷയത്തില്‍ പ്രതികരിയ്ക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ തയ്യാറായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല