1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2017

സ്വന്തം ലേഖകന്‍: വളര്‍ച്ചാ നിരക്ക് കുറഞ്ഞതിന്റെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കു നേരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി, വളര്‍ച്ചാ നിരക്ക് തിരിച്ചു പിടിക്കുമെന്ന് പ്രഖ്യാപനം. ന്യൂ!ഡല്‍ഹിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് (ഐ.സി.എസ്.ഐ.) സുവര്‍ണ ജൂബിലി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ടു നിരോധനത്തിനു ശേഷം രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണെന്ന വിമര്‍ശനങ്ങള്‍ക്ക് കടുത്ത ഭാഷയിലാണ് പ്രധാനമന്ത്രി മറുപടി നല്‍കിയത്.

‘ഒരു പാദത്തിലെ വളര്‍ച്ചാ നിരക്ക് താഴുന്നത് അത്ര വലിയ പ്രശ്‌നമല്ല. വസ്തുതകള്‍ വച്ചല്ല, വൈകാരികമായാണ് വിമര്‍ശനങ്ങള്‍. നോട്ടു നിരോധനവും ജിഎസ്ടിയും ശരിയായ തീരുമാനങ്ങളാണ്. കള്ളപ്പണം ഇല്ലാതാക്കുകയെന്നത് ചെറിയ കാര്യമല്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എട്ടു തവണ ജിഡിപി 5.7 ശതമാനത്തിനു താഴെയായിരുന്നു,’ മോദി പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെയും നരേന്ദ്ര മോദി ആഞ്ഞടിച്ചു. ‘കഴിഞ്ഞ ആറു കൊല്ലത്തിനിടെ എട്ടു തവണ വളര്‍ച്ചാ നിരക്ക് 5.7ല്‍ നിന്ന് താഴോട്ടുപോയി. അന്ന് തന്നെക്കാള്‍ വലിയ സാമ്പത്തിക വിദഗ്ധര്‍ ഉണ്ടായിരുന്നിട്ടും എന്തുപറ്റി. താന്‍ സാമ്പത്തിക വിദഗ്ധനല്ല, അങ്ങനെ അവകാശപ്പെട്ടിട്ടുമില്ല.’ മോദി വ്യക്തമാക്കി. വളര്‍ച്ചാ നിരക്ക് താഴേക്കു പോകാതിരിക്കാനും നിക്ഷേപവും സാമ്പത്തിക വളര്‍ച്ചയും വര്‍ധിപ്പിക്കാനും എല്ലാ നടപടികളുമെടുക്കും. 2022ല്‍ ഒരൊറ്റ കടലാസുകമ്പനി പോലും ഇന്ത്യയില്‍ ഉണ്ടാകില്ല.

രാജ്യത്തിന്റെ സാമ്പത്തികനില ശക്തമായി തുടര്‍ന്നു പോകേണ്ടത് ആവശ്യമാണ്. മൂന്നു വര്‍ഷം കൊണ്ട് 7.5 ശതമാനത്തിന്റെ വളര്‍ച്ച നേടിയതിനുശേഷം ഏപ്രില്‍ – ജൂണ്‍ പാദത്തില്‍ നിരക്കില്‍ കുറവുണ്ടായിട്ടുണ്ടെന്നത് അംഗീകരിക്കുന്നു. വളര്‍ച്ച വീണ്ടും തിരികെ പിടിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. അടുത്ത പാദത്തില്‍ 7.7 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് ആര്‍ബിഐ പറഞ്ഞിരിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ വളര്‍ച്ചനിരക്ക് 6.7 ശതമാനമായി കുറയുമെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവചനം വന്നതിനു തൊട്ടു പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. നേരത്തേ, 7.3 ശതമാനം വളര്‍ച്ച ഉണ്ടാകുമെന്നായിരുന്നു ആര്‍.ബി.ഐ. പ്രവചിച്ചിരുന്നത്. ചരക്ക്‌സേവന നികുതി (ജി.എസ്.ടി.) നടപ്പാക്കിയതും ഖരീഫ് വിളകളുടെ ഉത്പാദനക്കുറവുമാണ് വളര്‍ച്ചനിരക്ക് കുറയാന്‍ കാരണമായി ആര്‍.ബി.ഐ. ചൂണ്ടിക്കാട്ടിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.