സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി മോദി ലണ്ടനില്‍; ഭീകരത കയറ്റി അയക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് പ്രഖ്യാപനം; ബലാത്സംഗത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും ആഹ്വാനം. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 2016ല്‍ ഇന്ത്യ അതിര്‍ത്തി നിയന്ത്രണരേഖ കടന്ന് നടത്തിയ മിന്നലാക്രമണം പരാമര്‍ശിക്കവെയാണ് മോദി പാകിസ്താനെ സൂചിപ്പിച്ച് ഇക്കാര്യം പറഞ്ഞത്.
ഭീകരത കയറ്റുമതി ചെയ്യുന്ന പണിശാലകളുണ്ടാക്കി പിന്നില്‍ നിന്ന് ആക്രമണം നടത്താന്‍ ശ്രമിക്കുന്നവര്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കും. ഇന്ത്യ മാറിയെന്ന കാര്യം അവരുടെ ശ്രദ്ധയില്‍ പെടുത്താന്‍ ആഗ്രഹിക്കുകയാണ്. രാജ്യം സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍, ഭീകരതയോട് അനുരഞ്ജനമില്ലെന്നും മോദി വ്യക്തമാക്കി.
‘ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്ന കാലത്തെ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ ഞങ്ങളുടെ സര്‍ക്കാര്‍ ചെയ്ത പ്രവൃത്തികള്‍ എന്താണെന്ന് ജനത്തിന് മനസ്സിലാകും. ജനങ്ങളില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. എന്നെ മാത്രം വിമര്‍ശിക്കുന്നതില്‍ സന്തോഷമേയുള്ളൂ. എന്നാല്‍, ജനങ്ങളെയാകെ വിമര്‍ശിക്കരുത്. ഇന്ത്യയില്‍ ദശലക്ഷക്കണക്കിന് പ്രശ്‌നങ്ങളുണ്ടെങ്കില്‍, അത്രതന്നെ പരിഹാരങ്ങളുമുണ്ട്.
ഞാന്‍ നിങ്ങളെപ്പോലെ ഒരു സാധാരണ മനുഷ്യനാണ്. പിന്നീട് പ്രധാനമന്ത്രിയായി. ഏതെങ്കിലും പ്രശസ്തനായ ആളുടെ കൊച്ചുമകനോ, മകനോ ആയതിന്റെ പേരിലല്ല പ്രധാനമന്ത്രിയായത്. രാജ്യത്തെ 18,000 ഗ്രാമങ്ങളില്‍ വൈദ്യുതിയില്ല. പലയിടത്തും ശൗചാലയങ്ങളില്ല. ഇതെല്ലാം ഉറക്കം നഷ്ടപ്പെടുത്തുന്ന യാഥാര്‍ഥ്യങ്ങളാണ്. ഇന്ത്യയിലെ പാവങ്ങളുടെ ജീവിതത്തില്‍ ക്രിയാത്മക മാറ്റങ്ങള്‍ വരുത്താന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്.
വിവിധ സര്‍ക്കാറുകളുടെ കാലത്തുണ്ടായ ബലാത്സംഗങ്ങളുടെ എണ്ണം താരതമ്യപ്പെടുത്തിയിട്ടില്ല. ബലാത്സംഗം ബലാത്സംഗമാണ്, എപ്പോള്‍ നടന്നാലും. അത് വളരെ സങ്കടകരമാണ്,’ മോദി പറഞ്ഞു. ജനം വിചാരിച്ചാല്‍, ഒരു ചായക്കാരന്റെ മകനും പ്രധാനമന്ത്രിയാകാമെന്നും അതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തെന്നും പറഞ്ഞ മോദി, താന്‍ ആദി ശങ്കരന്റെ തത്ത്വങ്ങള്‍ പിന്തുടരുന്ന ആളാണെന്നും വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല