സ്വന്തം ലേഖകന്‍: മനിലയിലെ ആസിയാന്‍ വേദിയില്‍ മോദി, ട്രംപ് കൂടിക്കാഴ്ച, ചിരിച്ചു കൈകൊടുത്ത് ഇരു നേതാക്കളും. മുപ്പത്തിയൊന്നാമത് ആസിയാന്‍ ഉച്ചകോടിയുടെ ഭാഗമായി ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ എത്തിയ രാഷ്ട്രത്തലവന്മാര്‍ക്കായി ഒരുക്കിയ വിരുന്നിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കണ്ടുമുട്ടിയത്. വിടര്‍ന്ന ചിരിയോടെ ഹസ്തദാനം ചെയ്ത ഇരുവരും അല്പ നേരം കുശലാന്വേഷണം നടത്തുകയും ചെയ്തു.
ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാങ്, റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവ്, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ എന്നിവരുമായും മോദി കുശലാന്വേഷണം നടത്തി. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാന്റെ അമ്പതാം വാര്‍ഷികമെന്ന സവിശേഷതയും ഇത്തവണത്തെ ഉച്ചകോടിയ്ക്കുണ്ട്. തെക്കന്‍ ചൈനാ കടലിലെ പ്രശ്‌നം, ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങള്‍, തീവ്രവാദം, മേഖലയുടെ സുരക്ഷ എന്നീ വിഷയങ്ങളില്‍ അംഗരാജ്യങ്ങളുടെ പ്രതിനിധികള്‍ ചര്‍ച്ച നടത്തും.
രണ്ടു ദിവസമായി നടക്കുന്ന ഉച്ചകോടിക്കായി എത്തിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍, റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവ് തുടങ്ങിയവരുമായി പ്രധാനമന്ത്രി മോദി പിന്നീട് കൂടിക്കാഴ്ച നടത്തും. നരേന്ദ്ര മോദി ചൊവ്വാഴ്ചയാണ് ആസിയാന്‍ ഉച്ചകോടിയെ അഭിസംബോധന ചെയ്യുക. മേഖലയിലെ വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിനു പുറമേ ലോകസുരക്ഷക്ക് ഭീഷണിയായ ഭീകരവാദത്തിനും തീവ്രവാദത്തിനും എതിരെ രാജ്യങ്ങള്‍ സംയുക്തമായി നടപടി സ്വീകരിക്കണമെന്ന ആവശ്യം മോദി ശക്തമായി ഉന്നയിക്കുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല