സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള സെല്‍ഫി പങ്കുവച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. ദുബായില്‍ നടക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടിക്കിടെ (കോപ് 28) ആണ് മെലോണി മോദിയ്‌ക്കൊപ്പം സെല്‍ഫിയെടുത്തത്. ചിത്രം മെലോണി സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ചു.
‘നല്ല സുഹൃത്തുക്കള്‍ കോപ് 28-ല്‍’ എന്ന അടിക്കുറിപ്പോടെയാണ് മെലോണി ചിത്രം പങ്കുവച്ചത്. ‘മെലഡി’ എന്ന ഹാഷ് ടാഗും ഒപ്പമുണ്ടായിരുന്നു. നേരത്തേ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി മെലോണി ഇന്ത്യയില്‍ വന്നിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇറ്റലിയില്‍ അധികാരത്തിലെത്തുന്ന അതിതീവ്ര വലതുസര്‍ക്കാരാണ് ജോര്‍ജിയ മെലോണിയുടെത്. ബ്രദേഴ്‌സ് ഓഫ് ഇറ്റലി എന്ന അതിതീവ്ര വലതു പാര്‍ട്ടിയുടെ നേതാവായ മെലോണി ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രി കൂടിയാണ്.
ഫാസിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന മുസോളിനിയാണ് മെലോണിയുടെ ആരാധ്യപുരുഷന്‍. മുസോളിനിയുടെ അനുയായികള്‍ രൂപവത്കരിച്ച ഇറ്റാലിയന്‍ സോഷ്യല്‍ മൂവ്‌മെന്റിന്റെ യുവജനവിഭാഗത്തില്‍ അംഗമായിക്കൊണ്ടാണ് 15-ാം വയസില്‍ മെലോണി രാഷ്ട്രീയപ്രവേശനം നടത്തുന്നത്.
രേന്ദ്രമോദിക്ക് സമാനമായി മെലോണിയുടെ വിദ്യാഭ്യാസ യോഗ്യതയും തര്‍ക്കവിഷയവും വിവാദവുമാണ്. 1996-ല്‍ അമേരിഗോ വെസ്പൂച്ചി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഭാഷയില്‍ ഡിപ്ലോമയെടുത്തു എന്നാണ് അവരുടെ അവകാശവാദം. എന്നാല്‍, ഇവിടെ വിദേശഭാഷ പഠിപ്പിക്കുന്നില്ലെന്നും അതിനാല്‍ അവരുടെ അവകാശവാദം തെറ്റെന്നുമാണ് എതിര്‍വാദം ഉന്നയിക്കുന്നവര്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല