സ്വന്തം ലേഖകന്‍: രാജീവ് ഗാന്ധിയെ വധിച്ചതുപോലെ പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ മാവോയിസ്റ്റ് പദ്ധയെന്ന് വെളിപ്പെടുത്തല്‍; ജനപ്രീതി ഇടിയുമ്പോഴുള്ള സ്ഥിരം അടവാണെന്ന് കോണ്‍ഗ്രസ്. ഭീമ കൊറിഗാവ് കലാപവുമായി ബന്ധപ്പെട്ടു പുണെ പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് വധശ്രമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുള്ളത്. വ്യാഴാഴ്ചയാണു ഈ റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ നല്‍കിയത്.
ഇതുമായി ബന്ധപ്പെട്ടുള്ള കത്തും തങ്ങളുടെ കയ്യില്‍ ഉണ്ടെന്നു പൊലീസ് കോടതിയില്‍ പറഞ്ഞു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത അഞ്ചു പേരില്‍ ഒരാളുടെ വീട്ടില്‍നിന്നാണു സൂചന ലഭിച്ചതെന്നാണ് പൊലീസിന്റെ അവകാശവാദം. ഭീമ കൊറിഗാവ് കലാപവുമായി ബന്ധപ്പെട്ട് ദലിത് ആക്ടിവിസ്റ്റ് സുധീര്‍ ധവാലെ, അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റാവുത്ത്, ഷോമ സെന്‍, മലയാളിയായ റോണ വില്‍സണ്‍ എന്നിവരെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
റോണ വില്‍സന്റെ വീട്ടില്‍നിന്നായിരുന്നു പൊലീസിനു കത്തു ലഭിച്ചത്. രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ രീതിയില്‍ മറ്റൊരു വധം ആസൂത്രണം ചെയ്യുന്നതിനെ കുറിച്ചു കത്തില്‍ വ്യക്തമായ സൂചനകള്‍ ഉള്ളതായും പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ അദ്ദേഹത്തെ അപായപ്പെടുത്താനാണ് പദ്ധതിയെന്നും കത്ത് ഉദ്ധരിച്ചു സര്‍ക്കാര്‍ പ്ലീഡര്‍ ഉജ്ജ്വല പവാര്‍ കോടതിയെ അറിയിച്ചു.
ദലിതരായ മഹര്‍ പോരാളികള്‍ ഉള്‍പ്പെട്ട ബ്രിട്ടിഷ് സേന പെഷ്വ സേനയെ ആക്രമിച്ചു മറാത്ത ഭരണത്തിന് അവസാനം കുറിക്കുകയായിരുന്നു. ഭീമ കൊറിഗാവ് യുദ്ധത്തിന്റെ സ്മരണ പുതുക്കാന്‍ ചേര്‍ന്ന യോഗത്തില്‍ കബീര്‍ കാലാ മഞ്ച് പ്രവര്‍ത്തകര്‍ പ്രകോപനപരമായി സംസാരിച്ചു എന്നാരോപിച്ചാണ് ഭീമ കൊറിഗാവില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ കുറ്റാരോപിതരെ കേസില്‍ കുടുക്കിയതാണെന്നും കെട്ടിച്ചമച്ചതാണു കേസെന്നുമാണു പ്രതിഭാഗത്തിന്റെ ആരോപണം.
അതിനിടെ പ്രധാനമന്ത്രി മോദിക്ക് മാവോയിസ്റ്റുകളുടെ വധഭീഷണിയുണ്ടെന്ന വാര്‍ത്തയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇത്തരം കഥകള്‍ മെനയുന്നത് മോദിയുടെ പഴയ തന്ത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം പരിഹസിച്ചു. ഈ വാര്‍ത്ത പൂര്‍ണമായും കള്ളമാണെന്ന് താന്‍ പറയില്ല. പക്ഷെ ഇത്തരം കഥകള്‍ ഉണ്ടാക്കുന്നത് മുഖ്യമന്ത്രിയായപ്പോള്‍ മുതല്‍ മോദി പയറ്റുന്ന തന്ത്രമാണെന്നും സഞ്ജയ് നിരുപം വിമര്‍ശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല