1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2017

സ്വന്തം ലേഖകന്‍: ക്യാമറാമാന്‍ എത്താന്‍ വൈകി, കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ വിസമ്മതിച്ച് മോദി, പ്രധാനമന്ത്രിയുടെ പോര്‍ച്ചുഗല്‍ സന്ദര്‍ശനത്തിലെ വീഡിയോ തരംഗമാകുന്നു. പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണിലെ ക്യാന്‍സര്‍ റിസര്‍ച്ച് ആന്‍ഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ എത്തിയപ്പോഴാണ് സംഭവം. മോദിക്കൊപ്പം എത്തിയ ക്യാമറാമാന്‍മാര്‍ സ്ഥലത്തെത്താന്‍ വൈകിയതിനെ തുടര്‍ന്നായിരുന്നു അദ്ദേഹം കാറില്‍ നിന്നും ഇറങ്ങാതെ സീറ്റില്‍ത്തന്നെ ഇരുന്നത്.

വീഡിയോ സഹിതം ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മോദിയേയും വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം ക്യാന്‍സര്‍ സെന്ററിനു മുന്നില്‍ വന്നു നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. മോദിയുടെ വാഹനത്തിന്റെ ഡോര്‍ തുറക്കാനായി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തിയെങ്കിലും മോദി കാറില്‍ നിന്നും ഇറങ്ങുന്നില്ല. ഉടന്‍തന്നെ മറ്റൊരു ഉദ്യോഗസ്ഥന്‍ ഓടിയെത്തി ഡോര്‍ തുറക്കുന്നത് തടയുകയും മറുവശത്തേക്ക് കൈചൂണ്ടി എന്തോ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.

തുടര്‍ന്ന് കാറിന്റെ ഇടത്തേ വാതില്‍ തുറക്കാന്‍ നോക്കിയ ഉദ്യോഗസ്ഥനും ഇതില്‍ നിന്നു പിന്മാറുന്നു. ഏതാനും നിമിഷങ്ങള്‍ക്കകം രണ്ടു ക്യാമറാമാന്‍ മോദിയുടെ കാറിനടുത്തേക്ക് ഓടിയെത്തി ഫോട്ടോ എടുക്കേണ്ട പൊസിഷനില്‍ വന്നു നില്‍ക്കുന്നു. തുടര്‍ന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ മോദി ഇരിക്കുന്ന വശത്തെ കാറിന്റെ വാതില്‍ തുറന്ന് അകത്തേക്ക് തലയിട്ട് എന്തോ സംസാരിക്കുന്നു. പിന്നാലെ വാതില്‍ തുറന്നോളാന്‍ പോര്‍ട്ടുഗീസ് ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കുന്നതും വീഡിയോയില്‍ കാണാം.

തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ വാതില്‍ തുറന്ന് മോദിയെ പുറത്തേക്ക് ആനയിക്കുകയും മോദി കൃത്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്ന് പ്രവര്‍ത്തകരുടെ സ്വകരണം ഏറ്റുവാങ്ങുന്നതുമാണ് ദൃശ്യങ്ങളില്‍.
മോദിയുടെ ക്യാമറാ ഭ്രമം നിരവധി തവണ സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിനു കാരണമായിട്ടുണ്ട്. ഒരു ചടങ്ങില്‍ വച്ച് ക്യാമറയ്ക്കും തനിക്കുമിടയില്‍ വന്ന ഉദ്യോഗസ്ഥനെ മോദി മാറ്റി നിര്‍ത്തുന്നത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.

തനിക്കു കിട്ടിയ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങുന്ന ഉദ്യോഗസ്ഥന്‍ ക്യാമറയ്ക്കും തനിക്കുമിടയില്‍ വന്നതിന് മോദി അദ്ദേഹത്തെ ശാസിക്കുന്നതായിരുന്നു ആ വീഡിയോ. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ക്യാമറയ്ക്കും തനിക്കുമിടയില്‍ വന്ന സക്കര്‍ബര്‍ഗിനെ മോദി ഒരു വശത്തേക്ക് പിടിച്ചു മാറ്റുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.