സ്വന്തം ലേഖകന്‍: പഞ്ചശീല തത്വങ്ങള്‍ പൊടിതട്ടിയെടുക്കാന്‍ മോദി ഷീ ജിന്‍പിങ് കൂടിക്കാഴ്ചയില്‍ ധാരണ, ഏഷ്യയുടെ സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടി ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രവര്‍ത്തിക്കും. ചൈനയിലെ തുറമുഖ നഗരമായ സിയാമെനില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയ്ക്കിടെയാണ് രണ്ട് രാഷ്ട്രനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.ദോക് ലാം സംഘര്‍ഷത്തിനു ശേഷമുള്ള ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായതിനാല്‍ ആകാംക്ഷ നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു ചര്‍ച്ച.
ദൊക് ലാം പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് കൂടിക്കാഴ്ചയില്‍ ധാരണയായെന്ന് വിദേശകാര്യ സെക്രട്ടറി എസ്.ജയ്ശങ്കര്‍ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സമാധാനപരമായി മുന്നോട്ടുപോകും. ചര്‍ച്ച ക്രിയാത്മകമായിരുന്നു. തര്‍ക്കങ്ങള്‍ പരസ്പര ബഹുമാനത്തോടെ പരിഹരിക്കും. അഭിപ്രായ വ്യത്യാസങ്ങള്‍ അസ്വാരസ്യങ്ങള്‍ക്ക് വഴിവയ്ക്കില്ലെന്ന് ധാരണയായെന്നും ജയ്ശങ്കര്‍ വ്യക്തമാക്കി.
ദോക്ലാമില്‍ 72 ദിവസത്തെ സംഘര്‍ഷാവസ്ഥയ്ക്ക് ശേഷമാണ് ഇരുരാജ്യങ്ങളും സൈന്യത്തെ പിന്‍വലിച്ചത്. ചൈനയും ഇന്ത്യയും വളര്‍ന്നുവരുന്ന രണ്ട് ലോകശക്തികളാണ്. അതിനാല്‍ ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും വ്യക്തമാക്കി. ബ്രിക്‌സ് ഉച്ചകോടി വിജയകരമായി നടപ്പാക്കിയതില്‍ ജിന്‍പിങിനെ മോഡി അഭിനന്ദിച്ചു. പഞ്ചശീല്‍ തത്വങ്ങളില്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്നും ചൈന വ്യക്തമാക്കി.
വാണിജ്യം, സൈബര്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ 50 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. കഴിഞ്ഞ ദിവസം ഭീകരവാദത്തില്‍ ഇന്ത്യ കൊണ്ടുവന്ന പ്രമേയത്തോട് അനുകൂലിച്ച് ചൈന അടക്കമുള്ള അംഗ രാജ്യങ്ങള്‍ സംസാരിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ കൂടിക്കാഴ്ചയില്‍ ഭീകരവാദം ചര്‍ച്ചയ്ക്ക് വന്നില്ല. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും വിദേശകാര്യ സെക്രട്ടറിയും ചര്‍ച്ചയില്‍ പങ്കെടുത്തു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനൊപ്പം മുഖ്യ ഉപദേഷ്ടാവ് ലു കാങ്, വിദേശകാര്യ മന്ത്രി വാങ് യി, സ്‌റ്റേറ്റ് കൗണ്‍സിലര്‍ യാങ് ജിയേചി എന്നിവരും പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല