സ്വന്തം ലേഖകന്‍: ‘ഞാന്‍ ചായ വിറ്റിട്ടുണ്ട്, പക്ഷേ, രാജ്യത്തെ വിറ്റിട്ടില്ല,’ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. ഭുജ്, ജസ്ഡന്‍ എന്നിവിടങ്ങളിലെ പ്രചാരണ യോഗങ്ങളില്‍ വികാരാധീനനായ പ്രധാനമന്ത്രി പാവങ്ങളെയും പാവപ്പെട്ടവരുടെ ചെറിയ തുടക്കങ്ങളെയും പരിഹസിക്കരുതെന്ന് കോണ്‍ഗ്രസിനെ ഓര്‍മിപ്പിച്ചു.
‘ഒരു ചെറിയ കുടുംബത്തില്‍ പിറന്നയാള്‍ പ്രധാനമന്ത്രിയായി. അവരതില്‍ അവജ്ഞയുള്ളവരാണ്. ഈ ഗുജറാത്തിന്റെ മകന് പൊതുജീവിതത്തില്‍ കളങ്കമില്ല. മണ്ണിന്റെ മകനെതിരേ നിങ്ങള്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ജനം നിങ്ങള്‍ക്ക് മാപ്പുനല്‍കില്ല. ഗുജറാത്ത് എന്റെ ആത്മാവാണ്,’ മോദി പറഞ്ഞു. തീവ്രവാദിയായ ഹാഫിസ് സയീദിനെ പാക് ജയിലില്‍നിന്ന് വിട്ടയച്ചതിന്റെ പേരില്‍ തന്നെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്കെതിരെ മോദി ആഞ്ഞടിക്കുകയും ചെയ്തു.
‘ഒരു പാക് തീവ്രവാദിയെ പാക് കോടതി മോചിപ്പിച്ചപ്പോള്‍ നിങ്ങള്‍ കൈയടിക്കുന്നു. അതേസമയം നമ്മുടെ സൈന്യം അവരുടെ രാജ്യത്ത് മിന്നലാക്രമണം നടത്തിയതിന് നിങ്ങള്‍ തെളിവു ചോദിച്ചു. മുംബൈ ആക്രമണം ഉണ്ടായിട്ട് നിങ്ങള്‍ എന്തെങ്കിലും ചെയ്‌തോ? ചൈനയുടെ അതിര്‍ത്തിയില്‍ നമ്മുടെ സൈനികര്‍ 70 ദിവസം മുഖാമുഖം നിന്നപ്പോള്‍ നിങ്ങള്‍ അവരുടെ സ്ഥാനപതിയെ കെട്ടിപ്പിടിച്ചു. നിങ്ങള്‍ നിരാശയും നിഷേധവുമാണ് പ്രചരിപ്പിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല