സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജര്‍മനി, സ്‌പെയിന്‍, റഷ്യ സന്ദര്‍ശനം ഈ മാസം 29 ന് ആരംഭിക്കും. ബിജെപി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച ശേഷമാണ് മോഡി യാത്ര തിരിക്കുന്നത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരിക്കും മോദിയുടെ ജര്‍മന്‍ സന്ദര്‍ശനം.
ത്രിരാഷ്ട്ര സന്ദര്‍ശനത്തിലെ ആദ്യ അഞ്ച് ദിവസം മോദി ജര്‍മനിയിലായിരിക്കും. വാണിജ്യ ബന്ധം മെച്ചപ്പെടുത്തുന്നതിന് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലുമായി തന്ത്രപ്രധാന ചര്‍ച്ച നടത്തും.മോദി രണ്ടാം തവണയാണ് ജര്‍മനിയിലെത്തുന്നത്. 2015 ഏപ്രിലില്‍ മോദി ജര്‍മനി സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ ഒക്ടോബറില്‍ മെര്‍ക്കല്‍ ഇന്ത്യ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
ജര്‍മന്‍ സന്ദര്‍ശനത്തിന് ശേഷം മെയ് 31 ന് മോദി സ്‌പെയിനിലെത്തും. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളാകും സ്‌പെയിനുമായി മോദി നടത്തുന്നത്. അടിസ്ഥാന സൗകര്യം, ഊര്‍ജം എന്നീ മേഖലകളിലെ സഹകരണം സംബന്ധിച്ചും ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തും.
സെന്റ് പീറ്റേര്‍സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് മോദി റഷ്യയിലെത്തുന്നത്.
ജൂണ്‍ ഒന്നു മുതല്‍ മൂന്നു വരെയാണ് ഇത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബിസിനസ് ഭീമന്മാര്‍ പങ്കെടുക്കുന്ന ഈ പരിപാടിയില്‍ മോദി ഇന്ത്യയിലേക്ക് നിക്ഷേപങ്ങള്‍ ക്ഷണിക്കും. മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായും ചര്‍ച്ച നടത്തും. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചായിരിക്കും ചര്‍ച്ച. വാണിജ്യം, നിക്ഷേപം, പ്രതിരോധം, ആണവ സഹകരണം എന്നീ വിഷയങ്ങളിലും ഇരു നേതാക്കളും ചര്‍ച്ച നടത്തും.
കൂടംകുളം ആണവ പദ്ധതിയിലെ അഞ്ച്, ആറ് യൂണിറ്റുകളുടെ കാര്യത്തില്‍ ഇന്ത്യയും റഷ്യയും തമ്മില്‍ ജറല്‍ ഫ്രെയിംവര്‍ക്ക് എഗ്രിമെന്റില്‍ നേരത്തെ തീരുമാനമായിട്ടുണ്ട്. എന്നാല്‍ ഈ സന്ദര്‍ശനത്തില്‍ ഇതില്‍ ഒപ്പുവയ്ക്കുമോ എന്ന് വ്യക്തമല്ല. ത്രിരാഷട്ര സന്ദര്‍ശനത്തിനു ശേഷം ഷാങ്ഖായ് കോ ഓപ്പറേഷന്‍ ഓര്‍െേഗെനഷനില്‍ പങ്കെടുക്കുന്നതിനായി മോദി കസാഖിസ്ഥാനിലേക്ക് പോകും. ജൂണ്‍ 7, 8 തീയതികളില്‍ അസ്തനയില്‍ വച്ചാണ് പരിപാടി.
പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കും. റഷ്യ, ചൈന, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജികിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളും ഇതില്‍ പങ്കെടുക്കും. ഇതോടെ മെയ് 26 മുതല്‍ ജൂണ്‍ 15 വരെ നടക്കുന്ന മോഡി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ആഘോഷങ്ങള്‍ക്ക് മോഡിയുണ്ടാകില്ലെന്ന് ഉറപ്പായി. വിപുലമായ ഒരുക്കങ്ങള്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച ശേഷമാണ് പ്രധാനമന്ത്രി വിദേശത്തേക്ക് പറക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല