സ്വന്തം ലേഖകന്‍: പകല്‍ ഗോ സംരക്ഷകര്‍, രാത്രി സാമൂഹിക വിരുദ്ധര്‍, ഗോ സംരക്ഷണത്തിന്റെ പേരില്‍ ആക്രമം നടത്തുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. പൗരന്മാരുമായി സംവദിക്കാന്‍ തുടക്കംകുറിച്ച ‘ടൗണ്‍ ഹാള്‍’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മൈ ഗവ് ഇന്‍’ പോര്‍ട്ടലിന്റെ രണ്ടാം വാര്‍ഷികം പ്രമാണിച്ച് നടത്തിയ പരിപാടിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുമായി മൊബൈല്‍ ആപ് വഴിയും പോര്‍ട്ടല്‍ വഴിയും പ്രധാനമന്ത്രി ഒരു മണിക്കൂറിലേറെ സംസാരിച്ചു. പാശ്ചാത്യ രാജ്യത്ത് നേതാക്കള്‍ പൊതുജന സംവാദത്തിനു തെരഞ്ഞെടുക്കുന്ന രീതിയിലാണ് ‘ടൗണ്‍ ഹാള്‍’ പ്രസംഗം.
ഡല്‍ഹി ഇന്ദിര ഗാന്ധി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മോദിയുടെ ആദ്യ ടൗണ്‍ ഹാള്‍ പ്രസംഗത്തില്‍ ദൂരദര്‍ശന്‍ ഒഴികെ മറ്റു മാധ്യമ കാമറകള്‍ക്കു വിലക്കുണ്ടായിരുന്നു. പി.എം.ഒ മൊബൈല്‍ ആപിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഗോ സംരക്ഷണത്തിന്റെ പേരില്‍ അരങ്ങേറിയ അക്രമങ്ങളെക്കുറിച്ച് മോദി ആദ്യമായാണ് നേരിട്ട് പ്രതികരിക്കുന്നത്.
ഗുജറാത്തില്‍ ദലിത് യുവാക്കളെ സംഘ്പരിവാര്‍ ഗോ സംരക്ഷകര്‍ കെട്ടിയിട്ട് മര്‍ദിച്ചത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യു.പിയിലടക്കം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായ പശ്ചാത്തലത്തിലാണ് മോദി മൗനം വെടിഞ്ഞത്. പശുക്കളെ സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ പശുക്കള്‍ പ്ലാസ്റ്റിക് തിന്നുന്ന സാഹചര്യം ഇല്ലാതാക്കുകയാണ് വേണ്ടതെന്ന് മോദി പറഞ്ഞു.
പശുക്കള്‍ അറവുശാലകളില്‍ മാത്രമല്ല മരിച്ചുവീഴുന്നത്. പ്ലാസ്റ്റിക് മാലിന്യം കഴിച്ചും പശുക്കള്‍ മരിച്ചുവീഴുന്നു. പ്ലാസ്റ്റിക് റോഡുവക്കില്‍ അലക്ഷ്യമായി ഇടരുത്. അങ്ങനെ ചെയ്യുന്നത് ഒരു സേവനംകൂടിയാണ്. സംരക്ഷണ സമിതികള്‍ നടത്തുക എന്നതിനര്‍ഥം മറ്റുള്ളവരെ ഉപദ്രവിക്കുക എന്നല്ല. ഗോ സംരക്ഷണം കച്ചവടമാക്കി മാറ്റിയവര്‍ക്കെതിരെ എല്ലാ സംസ്ഥാനങ്ങളും കര്‍ശന നടപടി സ്വീകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല