സ്വന്തം ലേഖകന്‍: തീവ്രവാദത്തിന്റെ അവസാനം കാണുംവരെ തോളോടുതോള്‍ ചേര്‍ന്ന് പോരാടുമെന്ന് ഇന്ത്യയും അമേരിക്കയും, വൈറ്റ് ഹൗസില്‍ നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കായി വൈറ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്യാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനൊപ്പം പ്രഥമ വനിത മെലനിയ ട്രംപും എത്തിയിരുന്നു. തുടര്‍ന്നായിരുന്നു ട്രംപ്–മോദി ചര്‍ച്ച. ഇതിനുശേഷം ഉഭയകക്ഷി പ്രതിനിധി സംഘങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയിലും ഇരുവരും പങ്കെടുത്തു.
ഇന്ത്യയുമായുള്ള സഹകരണം അതീവ പ്രാധാന്യമേറിയതാണെന്നും യുഎസ് കയറ്റുമതിക്ക് ഇന്ത്യയിലുള്ള പ്രധാന തടസ്സങ്ങള്‍ നീക്കണമെന്നും ചര്‍ച്ചയ്ക്കുശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. തന്റെ സന്ദര്‍ശനം ഇന്ത്യ–യുഎസ് ബന്ധത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായ ഏടാണെന്ന് നരേന്ദ്രമോദി പറഞ്ഞു. ട്രംപുമായുള്ള ചര്‍ച്ച ഫലപ്രദമായിരുന്നു. ഇന്തോ – പസഫിക് മേഖലയില്‍ സമാധാനവും, സ്ഥിരതയും, സുരക്ഷയും ഉറപ്പാക്കുകയാണ് ഇരു രാജ്യങ്ങളുടേയും ലക്ഷ്യമെന്നും മേദി പറഞ്ഞു.
സുരക്ഷാ വെല്ലുവിളികളില്‍ ഇരുരാജ്യങ്ങളുടെയും സഹകരണങ്ങള്‍ പ്രധാനമാണ്.
അഫ്ഗാനിസ്താനില്‍ സമാധാനം കൊണ്ടുവരുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ആ രാജ്യത്തെ പുനര്‍നിര്‍മിക്കുക എന്നത് ഞങ്ങളുടെ പ്രധാന പരിഗണനയിലുള്ള വിഷയമാണ്. അഫ്ഗാന്റെ അസ്ഥിരത ഇരുരാജ്യങ്ങളിലും ആശങ്ക ഉളവാക്കുന്നു. ഇക്കാര്യത്തില്‍ യുഎസ്സിന്റെ ഉപദേശവും സഹകരണവും ഇന്ത്യ തേടുന്നുണ്ട്. പതാകവാഹക പദ്ധതികളില്‍ ഇന്ത്യ യുഎസ്സിനെ നിര്‍ണായക പങ്കാളിയായി കാണുന്നുവെന്നും പ്രസ്താവനയില്‍ മോദി പറഞ്ഞു.
സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടെ മികച്ച പദ്ധതികളാണ് മോദി നടപ്പിലാക്കുന്നതെന്ന് അദേഹത്തെ പ്രശംസിച്ചു കൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മോദിയെ പോലൊരു പ്രഗദ്ഭനായ പ്രധാനമന്ത്രിക്ക് ആതിഥേയം അരുളാനായത് വലിയ അംഗീകാരമാണ്. അമേരിക്കയുടെ പക്കല്‍ നിന്ന് ഇന്ത്യ സൈനികസാമഗ്രികള്‍ വാങ്ങാന്‍ തീരുമാനിച്ചതില്‍ ട്രംപ് നന്ദി അറിയിച്ചു.
ഇന്ത്യ–യുഎസ് സംയുക്ത പ്രസ്താവനയ്ക്കു ശേഷം വൈറ്റ് ഹൗസിലെ ചരിത്ര പ്രസിദ്ധമായ ബ്ലൂ റൂമില്‍ ട്രംപ് മോദിക്ക് വിരുന്നൊരുക്കുകയും ചെയ്തു. ഇതാദ്യമായാണു ഒരു വിദേശ നേതാവിനു ട്രംപ് വൈറ്റ് ഹൗസില്‍ വിരുന്നൊരുക്കിയത്. നരേന്ദ്ര മോദിയുടെ മൂന്നാമത്തെ വൈറ്റ്ഹൗസ് സന്ദര്‍ശനമാണിത്. 2014 സെപ്റ്റംബറിലും 2016 ജൂണിലും നരേന്ദ്ര മോദി വൈറ്റ് ഹൗസ് സന്ദര്‍ശിച്ചപ്പോള്‍ ബറാക് ഒബാമയായിരുന്നു പ്രസിഡന്റ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല