സ്വന്തം ലേഖകന്‍: തനിക്ക് മുംബൈയില്‍ ജീവിക്കണമെന്ന് മോഷെ, സ്വാഗതമെന്ന് മോദി, മുംബൈ ഭീകരാക്രമണത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട ജൂത ബാലന്‍ മോഷെ ഹോള്‍ട്‌സ്ബര്‍ഗ്മോ മോദിയെ സന്ദര്‍ശിച്ചപ്പോള്‍. ഇസ്രയേലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ക്കാണാന്‍ അഫുലയില്‍നിന്ന് മുത്തച്ഛനൊപ്പമാണ് മോഷെയെന്ന പതിനൊന്നുകാരന്‍ എത്തിയത്. ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ കൂടെ വരാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതനാഹ്യു മോഷെയെ ക്ഷണിക്കുകയും ചെയ്തു.
2008 ല്‍ മുംബൈ ഭീകരാക്രമണത്തിനിടെ നരിമാന്‍ ഹൗസിലെ ജൂതകേന്ദ്രത്തില്‍ ഭീകരരുടെ തോക്കിന്‍മുന്പില്‍ നിന്ന് തലനാരിഴയ്ക്കാണു മോഷെ രക്ഷപ്പെട്ടത്. മാതാപിതാക്കളുടെ മൃതദേഹത്തിനു സമീപം വാവിട്ടുകരഞ്ഞുകൊണ്ടിരുന്ന മോഷയെ, കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഒളിച്ചിരുന്ന ആയ സാന്ദ്രാ സാമുവല്‍ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. ഭീകരാക്രമണത്തിനുശേഷം ബന്ധുക്കള്‍ മോഷയെ ഇസ്രയേലിലേക്കു കൊണ്ടുപോയി. മുത്തച്ഛനും മുത്തശിക്കുമൊപ്പം ഇപ്പോള്‍ അഫുലയിലാണ് മോഷെയുടെ വാസം.
പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടെന്നു കാണിച്ച് ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തില്‍ നിന്നു സന്ദേശം എത്തിയപ്പോള്‍ അവന്‍ അമ്പരന്നുപോയെന്ന് ബന്ധുക്കള്‍ ഓര്‍മിക്കുന്നു. രണ്ടാം പിറന്നാള്‍ കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളിലായിരുന്നു നടുക്കുന്ന സംഭവങ്ങളെ അവന് അഭിമുഖീകരിക്കേണ്ടിവന്നത്. പിന്നീട് മുതിര്‍ന്നവര്‍ പറഞ്ഞും മറ്റുമാണ് നരിമാന്‍ ഹൗസില്‍ എന്താണ് നടന്നതെന്ന് അവനു ബോധ്യമായത്.
നരിമാന്‍ഹൗസ് ആക്രമിച്ച ഭീകരര്‍ മോഷെയുള്‍പ്പെടെ ജൂതവംശജരെയും ഒട്ടേറെ വിനോദസഞ്ചാരികളെയും ബന്ദികളാക്കുകയായിരുന്നു. മോഷെയുടെ മാതാപിതാക്കളായ റാബി ഗവ്രിയേലും റിവാക ഹോള്‍ട്‌സ്ബര്‍ഗും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അറ്റകുറ്റപ്പണികള്‍ക്കുശേഷം 2014ല്‍ നരിമാന്‍ ഹൗസ് വീണ്ടും തുറന്നു.അപ്പോഴേക്കും മോഷെ മുത്തച്ഛന്‍ റാബി ഷിമോണ്‍ റോസന്‍ബര്‍ഗിനും മുത്തശി യുഡിത്തിനുമൊപ്പം ഇസ്രയേലിലെ അഫുലയില്‍ താമസം തുടങ്ങിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല