സ്വന്തം ലേഖകന്‍: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മോഡി തരംഗമെന്ന പ്രവചനവുമായി യുഎസ് വിദഗ്ദരുടെ പഠനം. ജോര്‍ജ് വാഷിങ്ടണ്‍ യൂനിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് ആന്‍ഡ് ഇന്റര്‍നാഷനല്‍ അഫയേഴ്‌സ് അസിസ്റ്റന്റ് പ്രഫസര്‍ ആദം സീഗ്‌ഫെല്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ 2014 ലെ ലോക്‌സഭാ വിജയവും നിയമസഭ തിരഞ്ഞെടുപ്പുകളിലെ വിജയങ്ങളും വ്യക്തമായി പഠന വിധേയമാക്കിയിരുന്നു.
ഇപ്പോള്‍ പുറത്തു വരുന്ന നിയമസഭ തിരഞ്ഞെടുപ്പുകളും അതേ സൂചന തന്നെയാണ് നല്‍കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയം ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഫലം തന്നെയാണെന്ന് ജോര്‍ജ് വാഷിങ്ടണ്‍ സര്‍വ്വകലാശാലയിലെ വിദഗ്ദര്‍ വ്യക്തമാക്കുന്നു. ബിജെപിക്ക് വലിയ കടമ്പയായിരുന്നു യുപി. എന്നാല്‍ ഇവിടെ സമാജ്‌വാദി പാര്‍ട്ടി നേടിയിട്ടുള്ള വിജയങ്ങളെക്കാള്‍ വലുതാണ് ഇപ്പോഴത്തെ ബിജെപി വിജയം.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പോടെ 2019ലെ തെരഞ്ഞെടുപ്പിലെ പ്രിയതാരമായി മോദി വ്യക്തമായി മുന്നോട്ടുവന്നിരിക്കുകയാണെന്ന് അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് ഫെലോ സദാനന്ദ് ധുമെ പറഞ്ഞു. എന്നാല്‍, 2019ല്‍ ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടാന്‍ സാധ്യതയില്ലെന്നും മോദി ഒരു സഖ്യകക്ഷി സര്‍ക്കാറിനെ നയിക്കാനാണ് സാധ്യതയെന്നും ജോര്‍ജ്ടൗണ്‍ യൂനിവേഴ്‌സിറ്റിയിലെ വാല്‍ഷ് സ്‌കൂള്‍ ഓഫ് ഫോറിന്‍ സര്‍വിസിലെ പ്രഫസര്‍ ഇര്‍ഫാന്‍ നൂറുദ്ദീന്‍ വിലയിരുത്തി.
2019 ല്‍ വിജയം മോദിക്ക് തന്നെയാണ് എന്നാണ് സൂചനകള്‍. അടുക്കും ചിട്ടയുമുള്ള പ്രചരണമാണ് ബിജെപിയുടേത്. ഇവിടെയാണ് എതിര്‍ പാര്‍ട്ടികള്‍ പരാജയപ്പെടുന്നത്. എന്നാല്‍ എതിര്‍ കക്ഷികള്‍ ഒറ്റക്കെട്ടായി നിന്നാല്‍ ബിജെപിയെ തകര്‍ക്കാമെന്ന് മനസ്സിലാക്കുന്നില്ലെന്നും വിദഗ്ദര്‍ പറഞ്ഞു. ജാതി രാഷ്ട്രീയമാണ് ബി.ജെ.പി ഈ തെരഞ്ഞെടുപ്പില്‍ കളിച്ചതെന്ന് തെരഞ്ഞെടുപ്പ് കാലത്ത് ഉത്തര്‍പ്രദേശിലുണ്ടായിരുന്ന സദാനന്ദ് ധുമെ പറഞ്ഞു. ബി.ജെ.പി ജനങ്ങളെ നേരിട്ടുബാധിക്കുന്ന സാമ്പത്തിക പരിഷ്‌കരണ നയങ്ങള്‍ തുടരുമെന്നും വിദഗ്ധര്‍ വിലയിരുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല