സ്വന്തം ലേഖകന്‍: ഇന്ത്യ, ചൈന സൗഹൃദം ഊട്ടിയുറപ്പിച്ച് പ്രധാനമന്ത്രി മോദി മടങ്ങി; അതിര്‍ത്തിയില്‍ സമാധാനവും പരസ്പര വിശ്വാസവും ഉറപ്പാക്കും. ദോക്ലാമിനു സമാനമായ സാഹചര്യം ഭാവിയില്‍ ഉണ്ടാകാതിരിക്കാനാണ് അതിര്‍ത്തിയില്‍ ആശയവിനിമയം ശക്തമാക്കുന്നത്. ചൈനീസ് നഗരമായ വുഹാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ് ഷി ജിന്പിങ്ങും നടത്തിയ അനൗപചാരിക ഉച്ചകോടിയുടെ സമാപനത്തിലാണ് ധാരണ.
യുദ്ധസമാനമായ ദോക്ലാം പ്രതിസന്ധിക്കുശേഷം ഉഭയകക്ഷിബന്ധം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുനേതാക്കളും കൈകോര്‍ത്തത്. ചൈനയും ഇന്ത്യയും നല്ല അയല്‍ക്കാരും നല്ല സുഹൃത്തുക്കളുമായിരിക്കുമെന്ന് ഷി പറഞ്ഞു. ദോക്ലാം പ്രതിസന്ധിക്കുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂര്‍വസ്ഥിതിയിലാക്കാനുള്ള ചര്‍ച്ചക്കാണ് മുന്‍തൂക്കം നല്‍കിയതെങ്കിലും ധാരണപത്രങ്ങളൊന്നും ഒപ്പിട്ടില്ല. സംയുക്ത പ്രസ്താവനയും ഉണ്ടായില്ല.
അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തേണ്ടത് നിര്‍ണായകമാണെന്ന് നേതാക്കള്‍ വ്യക്തമാക്കിയതായി കേന്ദ്ര വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരസ്പരവും തുല്യവുമായ സുരക്ഷ എന്ന തത്ത്വം പാലിക്കാനും സൈന്യങ്ങള്‍ തമ്മില്‍ വാര്‍ത്താവിനിമയം ശക്തിപ്പെടുത്താനും നിര്‍ദേശം നല്‍കും. അതിര്‍ത്തിപ്രശ്നം സംബന്ധിച്ച വിവരം കൈമാറാനും ചര്‍ച്ചക്കും സ്ഥിരം സംവിധാനമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല