സ്വന്തം ലേഖകന്‍: പാരീസ് ഉടമ്പടിയില്‍ നിന്ന് യുഎസ് പിന്മാറിയതിനെപ്പറ്റി ഒരക്ഷരം മിണ്ടാതെ മോദി പാരീസില്‍,ശനിയാഴ്ച ഫ്രഞ്ച് പ്രസിഡന്റുമായി കൂടിക്കാഴ്ച. യൂറോപ്യന്‍ യാത്രയുടെ അവസാന ഘട്ടമായാണ് മോദി പാരീസില്‍ എത്തിയത്. ശനിയാഴ്ച മോദി പുതിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തിന്റെ വാര്‍ഷികയോഗത്തിലും മറ്റ് സുപ്രധാന യോഗങ്ങളിലും പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി ഫ്രാന്‍സിലേക്ക് തിരിച്ചത്.
യുഎന്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്, ഓസ്ട്രിയന്‍ ചാന്‍സലര്‍ ക്രിസ്റ്റ്യന്‍ കേന്‍, തുടങ്ങിയ പ്രമുഖരെയും മോദി സന്ദര്‍ശിച്ചിരുന്നു. ആറു ദിവസം കൊണ്ട് ജര്‍മനി, ഫ്രാന്‍സ്, സ്‌പെയിന്‍, റഷ്യ എന്നിവിടങ്ങളിലാണ് മോദി ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നത്. അതിനിടെ പാരീസ് ഉടമ്പടിയില്‍നിന്ന് അമേരിക്കയുടെ പിന്മാറ്റം സംബന്ധിച്ച് മോദിയുടെ മൗനം ശ്രദ്ധേയമാകുകയാണ്. അമേരിക്കന്‍ നിലപാട് സംബന്ധിച്ച ചോദ്യത്തില്‍നിന്നും അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു.
റഷ്യയില്‍ സെന്റ് പീറ്റേഴ്‌സ് ഇന്റര്‍നാഷനല്‍ ഇക്കണോമിക് ഫോറത്തില്‍ (എസ്പിഐഇഎഫ്) സംസാരിക്കുവെ പാരീസ് ആണെങ്കിലും അല്ലെങ്കിലും കാലാവസ്ഥ സംരക്ഷണത്തിലുള്ള പ്രതിബദ്ധതയില്‍ ഇന്ത്യ ഉറച്ച് നില്‍ക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. താന്‍ ഭാവി തലമുറയ്‌ക്കൊപ്പമാണ്. മനുഷ്യവര്‍ഗം പ്രകൃതിയെ ഒരിക്കലും ചൂഷണം ചെയ്യാന്‍ പാടില്ല. പ്രകൃതി ചൂഷണം കുറ്റകരമാണ്. എന്നാല്‍ പ്രകൃതിയില്‍നിന്നും വിഭവങ്ങള്‍ സ്വീകരിക്കുകയാവാമെന്നും പറഞ്ഞ മോദി ട്രംപിനെക്കുറിച്ചൊ അമേരിക്കയെ കുറിച്ചോ ഒന്നും മിണ്ടിയില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല