സ്വന്തം ലേഖകന്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മാനം കേരളത്തില്‍ നിന്ന്. ഇന്ത്യയിലെ ജൂതചരിത്രവുമായി ബന്ധപ്പെട്ട രണ്ട് സെറ്റ് ചെമ്പ് ഫലകങ്ങളുടെയും കടലാസ് ചുരുളിന്റെയും പകര്‍പ്പുകളാണ് മോദി സമ്മാനിച്ചത്. എഡി 9, 10 നൂറ്റാണ്ടുകളിലേതാണ് ഇതെന്നാണ് കരുതുന്നത്. ചേരമാന്‍ പെരുമാള്‍ (ഭാസ്‌കര രവി വര്‍മ) കൊച്ചിയിലെ ജൂതനേതാവ് ജോസഫ് റബ്ബാന് സമ്മാനിച്ച ഫലകങ്ങള്‍ ജൂതര്‍ക്ക് പ്രത്യേക പ്രഭു പരിഗണനകള്‍ നല്‍കിക്കൊണ്ടുള്ള അംഗീകാരമായിരുന്നു.
ജോസഫ് റബ്ബാനെ കൊടുങ്ങല്ലൂരില്‍ പ്രഭു പദവി നല്‍കി ആദരിച്ചിരുന്നു. കൊടുങ്ങല്ലൂരില്‍ ഏറെക്കാലം ജൂതര്‍ക്ക് സ്വയംഭരണാധികാരവും ഉണ്ടായിരുന്നു. പിന്നീടാണ് ജൂതര്‍ വലിയ തോതില്‍ കൊച്ചിയിലേയ്ക്കും മലബാറിലേയ്ക്കും കുടിയേറിയത്. രണ്ടാം ജറുസലേം എന്നാണ് കൊടുങ്ങല്ലൂര്‍ അറിയപ്പെട്ടിരുന്നത്. മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗിന്റെ സഹായത്തോടെയാണ് ഈ ഫലകങ്ങള്‍ തയ്യാറാക്കിയത്. തിരുവല്ലയിലെ മലങ്കര മാര്‍ത്തോമാ സഭയും സഹായം നല്‍കിയിട്ടുണ്ട്.
രണ്ടാമത്തെ സെറ്റ് ഫലകങ്ങള്‍ ഇന്ത്യയിലെ ജൂത വ്യാപാരത്തിന്റെ ചരിത്രം വിവരിക്കുന്നതാണ്. ജൂത പള്ളിക്കായി ഹിന്ദു രാജാക്കന്മാര്‍ ഭൂമി അനുവദിച്ചത് പശ്ചിമേഷ്യയുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്താന്‍ കൂടി ലക്ഷ്യമിട്ടുള്ളതായിരുന്നു. പരദേശി ജൂതരുടെ സംഭാവനയായ ടോറ സ്‌ക്രോളും (കൈ കൊണ്ടെഴുതിയ ചുരുള്‍) മോദി, നെതന്യാഹുവിന് സമ്മാനിച്ചു. മട്ടാഞ്ചേരിയിലെ പരദേശി ജൂത പള്ളിക്ക് 100 വര്‍ഷം മുമ്പ് സമ്മാനിച്ചതാണിത്.
ഇന്ത്യ സന്ദര്‍ശിക്കാനുള്ള മോദിയുടെ ക്ഷണം ബഞ്ചമിന്‍ നെതന്യാഹു അംഗീകരിച്ചു. 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ബേബി മോഷെ എന്നറിയപ്പെട്ട ഇസ്രയേലി ബാലനെയും നരേന്ദ്ര മോദി സന്ദര്‍ശിച്ചു. രണ്ടാം വയസ്സില്‍ അച്ഛനെയും അമ്മയേയും ഭീകരാക്രമണത്തില്‍ നഷ്ടപ്പെട്ട മോഷെയ്ക്ക ഇപ്പോള്‍ 11 വയസുണ്ട്. എന്നാല്‍ ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷത്തിന് നീതിപൂര്‍വ്വമായി പരിഹാരം വേണം എന്നും സംയുക്ത പ്രസ്താവനയില്‍ പരാമര്‍ശിച്ചതല്ലാതെ മോദി പലസ്തീന്‍ സന്ദര്‍ശിക്കുകയോ വിഷയത്തെക്കുറിച്ച് എന്തെങ്കിലും പറയുകയോ ചെയ്തില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല