സ്വന്തം ലേഖകന്‍: തീവ്രവാദത്തിന് എതിരെ ഒറ്റകെട്ടായി ഇന്ത്യയും കെനിയയും, ഏഴു കരാറുകളില്‍ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കെനിയന്‍ പ്രസിഡന്റ് ഹുര്‍ദു കെയാതയുമാണ് തന്ത്രപ്രധാനമായ ഏഴു കരാറുകളില്‍ ഒപ്പുവച്ചത്. ചെറുകിടഇടത്തരം വ്യവസായങ്ങള്‍ക്കായി 15 ദശലക്ഷം ഡോളറും റിഫ്റ്റ് വാലി ടെക്‌സ്‌റ്റൈല്‍ ഫാക്ടറിയുടെ പുനര്‍വിന്യാസത്തിനായി 29.5 ദശലക്ഷം ഡോളറും ഇന്ത്യ കെനിയയ്ക്കു നല്‍കാനും ധാരണയായി.
കെനിയന്‍ പ്രതിരോധ വകുപ്പിന് ഇന്ത്യയുടെ 30 ആംബുലന്‍സുകള്‍ ഇന്നലെ കൈമാറി. നെയ്‌റോബി സര്‍വകലാശാലയിലെ മഹാത്മാഗാന്ധി ഗ്രാജ്വേറ്റ് ലൈബ്രറിയുടെ പുനരുദ്ധാരണത്തിനായി 10 ലക്ഷം ഡോളര്‍ നല്കുമെന്നു മോദി അറിയിച്ചു. അത്‌ലറ്റിക്, ക്രിക്കറ്റ് പരിശീലകരെ പരസ്പരം സഹകരിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളും ധാരണയായിട്ടുണ്ട്.
ഇന്ത്യ ഒരു സ്വാര്‍ഥ രാജ്യമല്ലെന്നും വസുദൈവ കുടുംബകത്തില്‍ (ലോകമേ തറവാട്) വിശ്വസിക്കുന്നവരാണെന്നും കെനിയയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെ മോദി പറഞ്ഞു. ഇന്ത്യ ലോകത്തിനൊപ്പം വളരുകയാണ്. ഇപ്പോഴുള്ള 7.6% വളര്‍ച്ച നിരക്ക് എട്ട് ആക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഭീകരവാദവും ആഗോളതാപനവുമാണു ലോകം നേരിടുന്ന പ്രധാന വെല്ലുവിളികള്‍. ഇവയ്ക്കു പരിഹാരം കാണാന്‍ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി പൊരുതണമെന്നു മോദി ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല