സ്വന്തം ലേഖകന്‍: 25 വര്‍ഷത്തിനിടെ സ്‌പെയിന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി, ഏഴു സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു. സൈബര്‍ സുരക്ഷ, വ്യോമയാന മേഖലയിലെ സാങ്കേതിക സഹകരണം എന്നിവ ഉള്‍പ്പെടെ ഏഴ് സുപ്രധാന കരാറുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയിയും ഒപ്പിട്ടു. സ്‌പെയിന്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി, നവീകൃത ഊര്‍ജ മേഖലകളിലെ സഹകരണം, ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കുറ്റവാളികളെ കൈമാറാനും നയതന്ത്ര പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വിസ നിയന്ത്രണം ഒഴിവാക്കാനും ധാരണയിലെത്തി.
1992 ല്‍ നരസിംഹ റാവുവിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സ്‌പെയിന്‍ സന്ദര്‍ശിക്കുന്നത്. റിജോയിയുടെ നേതൃത്വത്തില്‍ സ്‌പെയിനില്‍ നടക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങളെ പ്രകീര്‍ത്തിച്ച മോദി, തന്റെ സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ക്കാണ് മുന്തിയ പരിഗണന നല്‍കുന്നതെന്നും പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, വിനോദ സഞ്ചാരം, ഊര്‍ജ മേഖലകളില്‍ ഇന്ത്യയില്‍ വന്‍തോതില്‍ നിക്ഷേപം നടത്താന്‍ സ്പാനിഷ് കമ്പനികളെ സ്വാഗതം ചെയ്യുകയും ചെയ്തു.
സ്‌പെയിനിലെ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള സുവര്‍ണാവസരമാണ് ഇപ്പോഴെന്ന് മോദി പറഞ്ഞു. അടിസ്ഥാന വികസനം, പ്രതിരോധം, വിനോദ സഞ്ചാരം, ഊര്‍ജം എന്നീ മേഖലകളില്‍ ഇന്ത്യയിന്‍ വന്‍ അവസരങ്ങളാണ് തുറന്നിരിക്കുന്നതെന്ന് സ്പാനിഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യയിലെ 12 മത്തെ വലിയ നിക്ഷേപകരാണ് സ്‌പെയിന്‍; യൂറോപ്യന്‍ യൂനിയനിലെ ഏഴാമത്തെ വലിയ വ്യാപാര പങ്കാളിയും. 200 സ്‌പെയിന്‍ കമ്പനികള്‍ ഇന്ത്യയില്‍ റോഡുനിര്‍മാണം, റെയില്‍വേ, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ പദ്ധതികളില്‍ പങ്കാളികളാണ്. 40 ഇന്ത്യന്‍ കമ്പനികള്‍ സ്‌പെയിനിലും പ്രവര്‍ത്തിക്കുന്നുണ്ട്.
സ്‌പെയിന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ മോദി റഷ്യയിലേക്ക് തിരിച്ചു. വ്യാഴാഴ്ച നടക്കുന്ന 18 മത് ഇന്ത്യറഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനൊപ്പം അദ്ദേഹം പങ്കെടുക്കും. അടുത്ത ദിവസം സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ ഇക്കണോമിക് ഫോറത്തില്‍ സംബന്ധിക്കും. ജൂണ്‍ രണ്ട്, മൂന്ന് തീയതികളില്‍ പ്രധാനമന്ത്രി ഫ്രാന്‍സ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഇമാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ചയും നടത്തിയാണ് ഇന്ത്യയിലേക്ക് മറങ്ങുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല