സ്വന്തം ലേഖകന്‍: നോട്ട് അസാധുവാക്കലിലും ജിഎസ്ടിയിലും ഇന്ത്യന്‍ സമ്പദ്ഘടന കുലുങ്ങിയില്ല; ദുബായില്‍ പ്രവാസി ഇന്ത്യക്കാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി മോദി. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ അത് തുടര്‍ന്നുകൊണ്ടേയിരിക്കും. അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞുനിന്ന ഇന്ത്യയെ നാലുവര്‍ഷം കൊണ്ടു കാര്യക്ഷമതയും പുരോഗതിയും പ്രതീക്ഷയും ഉള്ള രാജ്യമാക്കി മാറ്റാന്‍ കഴിഞ്ഞു. വ്യവസായ അനുകൂല സാഹചര്യങ്ങള്‍ ഒരുക്കുന്നതിലും ഇന്ത്യ ഏറെ മുന്നേറിയെന്നും ദുബായില്‍ പ്രവാസി ഇന്ത്യക്കാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി അവകാശപ്പെട്ടു.
യോഗത്തിനു പിന്നാലെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി മോദി കൂടിക്കാഴ്ച നടത്തി. ജുമൈറ അല്‍ നസീം ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. ഫ്രഞ്ച് പ്രധാനമന്ത്രിയുമായും മോദി കൂടിക്കാഴ്ച നടത്തി. അബുദാബിയിലെ സൈനിക രക്തസാക്ഷി സ്മാരകമായ വാഹത് അല്‍ കരാമയില്‍ പുഷ്പചക്രം സമര്‍പ്പിച്ച ശേഷമാണു പ്രധാനമന്ത്രി ദുബായിലെത്തിയത്. ഓപ്പറ ഹൗസില്‍ നടന്ന ചടങ്ങില്‍ അബുദാബിയിലെ പുതിയ ഹൈന്ദവക്ഷേത്രത്തിന്റെ മാതൃക പ്രധാനമന്ത്രി അനാവരണം ചെയ്തു.
യുഎഇയിലെ ആദ്യ ഹിന്ദുക്ഷേത്രം പണിയുന്നതിന് അനുമതി നല്‍കിയ കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനോട് 125 കോടി ഇന്ത്യക്കാര്‍ക്കുവേണ്ടി നന്ദി പറയുന്നുവെന്നും മോദി വ്യക്തമാക്കി. വാസ്തുവിദ്യയിലും മഹിമയിലും മാത്രമല്ല, വസുധൈവ കുടുംബകം എന്ന സന്ദേശം ലോകമെങ്ങും എത്തിക്കുന്നതിലും ക്ഷേത്രം മുന്‍പന്തിയിലായിരിക്കുമെന്നു വിശ്വസിക്കുന്നതായും മോദി കൂട്ടിച്ചേര്‍ത്തു. 55,000 ചതുരശ്ര അടിയിലാണ് ക്ഷേത്രം പണിയുന്നത്. ഇന്ത്യയില്‍ കൈപ്പണിയായി പണിയുന്ന സാധനസാമഗ്രികള്‍ യുഎഇയില്‍ എത്തിച്ച് കൂട്ടിച്ചേര്‍ത്താണു നിര്‍മാണം. 2020ല്‍ ക്ഷേത്രം പണി പൂര്‍ത്തീകരിച്ച് തുറന്നുകൊടുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല