സ്വന്തം ലേഖകന്‍: സ്വതന്ത്ര പലസ്തീന്‍ സ്വപ്നത്തെ പരാമര്‍ശിച്ച് മോദി; പലസ്തീന്‍ ജനതയുടെ താത്പര്യം സംരക്ഷിക്കുമെന്ന് ഉറപ്പ്. പലസ്തീനിലെ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുമെന്ന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് അദ്ദേഹം ഉറപ്പു നല്‍കി. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. അത് അത്ര എളുപ്പമല്ലെന്ന് ഞങ്ങള്‍ക്ക് അറിയാം. പക്ഷേ, അതിനായി നമ്മള്‍ ഏറെ പരിശ്രമിക്കണമെന്നും മോദി പറഞ്ഞു. മഹ്മൂദ് അബ്ബാസും നരേന്ദ്ര മോദിയും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബെയ്റ്റ് സഹുറില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് ഉള്‍പ്പെടെ 50 ദശലക്ഷം യുഎസ് ഡോളര്‍ (320 കോടി രൂപ) അനുവദിക്കാനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. പലസ്തീനില്‍ സമാധാനം സ്ഥാപിക്കുന്നതിനായി ഇന്ത്യ എന്നും ഒപ്പം നിന്നിരുന്നതായി പ്രസിഡന്റ് അബ്ബാസ് പറഞ്ഞു. ജോര്‍ദാനില്‍നിന്ന് പലസ്തീനിലെത്തിയ മോദിക്ക് വളരെ ഊഷ്മളമായ സ്വീകരണമായിരുന്നു പലസ്തീന്‍ അതോറിറ്റി ഒരുക്കിയത്.
വിദേശ രാഷ്ട്രത്തലവന്മാര്‍ക്ക് പലസ്തീന്‍ നല്‍കുന്ന ഏറ്റവും ഉന്നത ബഹുമതിയായ ‘ഗ്രാന്‍ഡ് കോളര്‍ ഓഫ് ദി സ്‌റ്റേറ്റ് ഓഫ് പലസ്തീന്‍’ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് മഹ്മൂദ് അബ്ബാസ് സമ്മാനിച്ചു. ഇസ്രായേല്‍ തലസ്ഥാനമായി ജറൂസലമിനെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അംഗീകരിച്ചതുമായി ബന്ധപ്പെട്ട് മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ സന്ദര്‍ശനം.
ഇസ്രയേല്‍ ഹെലിക്കോപ്റ്ററുകളുടെ അകമ്പടിയോടെ, ജോര്‍ദാന്‍ രാജാവിന്റെ ഹെലികോപ്റ്ററിലാണു മോദി റാമല്ലയിലെത്തിയത്. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ചയാണു മോദി ജോര്‍ദാനിലെത്തിയത്. അബ്ദുല്ല രണ്ടാമന്‍ രാജാവിനെ കണ്ട മോദി, ഇന്ത്യ–ജോര്‍ദാന്‍ ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്നു പ്രത്യാശ പ്രകടിപ്പിച്ചു. ഈ മാസം ഒടുവില്‍ ഇന്ത്യയിലെത്തുന്ന അബ്ദുല്ല രണ്ടാമന്‍ രാജാവിന്റെ സന്ദര്‍ശനം പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല