മുന്‍ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മൂര്‍സിയുടെ വധശിക്ഷ ഗ്രാന്‍ഡ് മുഫ്തി ശരിവെച്ചു. 2011ലെ കൂട്ട ജയില്‍ച്ചാട്ടം സംബന്ധിച്ച കേസിലാണ് മൂര്‍സിക്കും സഹപ്രവര്‍ത്തകര്‍ക്കും കൈറോയിലെ കോടതി ശിക്ഷ വിധിച്ചത്. ഈ തീരുമാനമാണ് ഇപ്പോള്‍ ഗ്രാന്‍ഡ് മുഫ്തി ശരിവെച്ചിരിക്കുന്നത്.
2013 ജൂലൈയിലാണ് തെരെഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയെ മുഹമ്മദ് മൂര്‍സിയെ സൈനിക ജനറലായ അബ്ദുല്‍ ഫത്താഹ് സീസി അട്ടിമറിയിലൂടെ പുറത്താക്കിയത്. അട്ടിമറിക്ക് ശേഷം സൈനിക ഭരണകൂടം നടത്തുന്ന മുസ്‌ലിം ബ്രദര്‍ഹുഡ് വിരുദ്ധ നടപടികളുടെ ഭാഗമാണ് പുതിയ വിധി. നിലവില്‍ 2012ലെ പ്രതിഷേധക്കാരെ അടിച്ചമര്‍ത്തിയ കേസില്‍ 20 വര്‍ഷത്തെ ജയില്‍ശിക്ഷ മുര്‍സിക്ക് കോടതി വിധിച്ചിട്ടുണ്ട്. ഇതിനോടകം നിരവധി ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ ജയിലിലിടുകയും വധശിക്ഷക്ക് വിധേയരാക്കുകയും ചെയ്തിട്ടുണ്ട് ഈജിപ്ഷ്യന്‍ ഭരണകൂടം.
വധശിക്ഷക്കാസ്പദമായ സംഭവം 2011ലാണ് നടന്നത്. അറബ് വസന്തത്തെ തുടര്‍ന്ന് അരങ്ങേറിയ ഹുസ്‌നി മുബാറക് വിരുദ്ധ പ്രക്ഷോഭത്തിനിടെ കൈറോയിലെ ജയിലില്‍ നിന്ന് നിരവധി ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ സായുധ സംഘം രക്ഷപ്പെടുത്തിയിരുന്നു. നിരവധി പോലീസ് ഉദ്യോഗസ്ഥരും തടവുപുള്ളികളും കൊല്ലപ്പെട്ട സംഭവത്തില്‍ മൂര്‍സിയും സഹപ്രവര്‍ത്തകരും പങ്കാളികളാണെന്നാണ് ഈജിപ്ഷ്യന്‍ കോടതിയുടെ പക്ഷം.
വിദേശ രാജ്യത്തെ സായുധ സംഘങ്ങളുമായി ചേര്‍ന്ന് രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയെന്ന കുറ്റവും മൂര്‍സി നേരിടുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല