ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലും. തന്റെ അന്‍പത്തിരണ്ടാമത് പിറന്നാള്‍ ദിനമായ തിങ്കളാഴ്ച സ്വന്തം ബ്ലോഗില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ലാല്‍ ഈ വിഷയത്തിലുള്ള പ്രതികരണം രേഖപ്പെടുത്തിയത്.
‘ഓര്‍മ്മയില്‍ രണ്ട് അമ്മമാര്‍” എന്ന തലക്കെട്ടോടു കൂടിയ കുറിപ്പില്‍ രണ്ട് അമ്മമാരെ കുറിച്ചുള്ള ഓര്‍മ്മകള്‍ ലാല്‍ പങ്കുവയ്ക്കുന്നു. ഇതില്‍ ഒരാള്‍ ബ്രെയിന്‍ അറ്റാക്ക് വന്ന് മൂന്ന് മാസമായി ബോധം മറഞ്ഞു കിടക്കുന്ന ലാലിന്റെ സ്വന്തം അമ്മയാണ്. മറ്റൊന്ന് മുഖത്ത് അമ്പതിലധികം വെട്ടുകള്‍ ഏറ്റുവാങ്ങി മരിച്ചു വീണ ടിപിയുടെ അമ്മയാണ്.
ടിപിയെ വ്യക്തിപരമായി തനിയ്ക്ക് അറിയില്ലെങ്കിലും അദ്ദേഹം ജീവിച്ചിരിപ്പുണ്ടെങ്കില്‍ തന്റെ അതേപ്രായമായിരിക്കുമെന്ന് ലാല്‍ പറയുന്നു. അദ്ദേഹത്തിന്റെ അമ്മയ്ക്കും തന്റെ അമ്മയുടെ അത്രയും വയസ്സുണ്ടാവും. തനിക്കൊന്ന് നോവുമ്പോള്‍ അമ്മയുടെ മനസ്സ് പിടയുന്നത് തൊട്ടറിയാം. അപ്പോള്‍ കൊത്തിനുറുക്കപ്പെട്ട മകനെയോര്‍ത്തിരിക്കുന്ന ആ അമ്മയുടെ വിഷമവും തനിക്ക് മനസ്സിലാക്കാന്‍ സാധിക്കുമെന്ന് ലാല്‍ പറയുന്നു.
സംഭവത്തിലെ രാഷ്ട്രീയത്തെ കുറിച്ചൊന്നും തനിക്ക് അറിയില്ലെങ്കിലും കൊല്ലുകയും കൊല്ലിക്കയും ചെയ്യുന്നവര്‍ പൊറുക്കുന്ന ഈ നാട്ടില്‍ ജീവിക്കാന്‍ തനിക്ക് മടി തോന്നുന്നുവെന്ന് നടന്‍ പറയുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ ‘അമ്മ മഴക്കാറിന് കണ്‍ നിറഞ്ഞു’ എന്ന വരികളെഴുതിയാണ് ലാല്‍ തന്റെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല