അമ്പതും അറുപതും വയസ് പിന്നിട്ടിട്ടും പതിനെട്ടുകാരികളായ നായികമാര്‍ക്കൊപ്പം ആടിപ്പാടുന്ന മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കളിയാക്കിയാണ് ശ്രീനിവാസന്‍ സരോജ്‌കുമാറായത്. എന്നാല്‍ ശ്രീനിവാസന്റെ അഭിപ്രായമല്ല, സുഹൃത്തും സംവിധായകനുമായ സത്യന്‍ അന്തിക്കാടിനുള്ളത്. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പോലെയുള്ള മുതിര്‍ന്ന നടന്‍മാര്‍ നായകവേഷത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടതില്ല.
സമാനതകളില്ലാത്ത നടന്‍മാരാണ് അവര്‍. ചില വേഷങ്ങള്‍ അവര്‍ അവതരിപ്പിക്കുന്നതുപോലെ മറ്റാര്‍ക്കും ചെയ്യാനാകില്ല. പ്രാഞ്ചിയേട്ടന്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടിയെ പോലെ അഭിനയിച്ച് ഫലിപ്പിക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ല. പ്രണയത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രവും അങ്ങനെതന്നെയാണ്. നല്ല സിനിമകള്‍ക്കായി പ്രതിഫലം വാങ്ങാതെ അഭിനയിക്കുന്നവരാണ് അവര്‍. സംവിധായകര്‍ ഈ മഹാനടന്‍മാരുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തണം. ഇവരുടെ പ്രായത്തിന് അനുയോജ്യമായ വേഷങ്ങള്‍ നല്‍കി ഈ പ്രതിഭകളെ വിനിയോഗിക്കണമെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.
അതേസമയം സൂപ്പര്‍താരങ്ങളെ കളിയാക്കുന്ന സരോജ്‌കുമാര്‍ എന്ന ചിത്രത്തെക്കുറിച്ചും തുടര്‍ന്നുള്ള വിവാദത്തെക്കുറിച്ചും പ്രതികരിക്കാന്‍ താനില്ലെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. മലയാള സിനിമയില്‍ ശ്രീനിവാസന്‍ എന്ന ചലച്ചിത്രകാരന്റെ സ്ഥാനം മറ്റാര്‍ക്കും അവകാശപ്പെടാനാകാത്തതാണ്. താനും ശ്രീനിയും തമ്മില്‍ പണിക്കത്തിലാണെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ഈ വര്‍ഷം അവസാനത്തോടെ തങ്ങള്‍ ഒന്നിച്ച് ഒരു സിനിമ ചെയ്യും. 2013ല്‍ ആ ചിത്രം പ്രദര്‍ശനത്തിനെത്തും.
ജയറാം ചിത്രമായ യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക് ആണ് ശ്രീനിയുടെ തിരക്കഥയില്‍ സത്യന്‍ ഒരുക്കിയ അവസാന ചിത്രം. തിരക്കഥാരചന തനിക്ക് പറ്റിയ പണിയല്ലെന്ന് സത്യന്‍ അന്തിക്കാട് സ്വയം വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ തിരക്കഥാ രചന തല്‍ക്കാലം മാറ്റിവെയ്‌ക്കുന്നു. അടുത്തതായി ചെയ്യുന്ന ചിത്രത്തിന് ബെന്നി പി നായരമ്പലമാണ് തിരക്കഥ ഒരുക്കുക. ദിലീപായിരിക്കും ഈ ചിത്രത്തിലെ നായകനെന്നും സൂചനയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല