സ്വന്തം ലേഖകൻ: പിറന്നാള്‍ സദ്യയും കേക്കു മുറിക്കലുമായി മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് അവിസ്മരണീയമായ ഷഷ്ഠിപൂര്‍ത്തി ആഘോഷം. ഭാര്യ സുചിത്ര, മകന്‍ പ്രണവ്, സംവിധായകനും സുഹൃത്തുമായ പ്രിയദര്‍ശന്‍, സുചിത്രയുടെ കസിന്‍ അനിത, ഭര്‍ത്താവ് മോഹന്‍ ഒന്നിവര്‍ക്കൊപ്പമായിരുന്നു. മോഹന്‍ ലാലിന്റെ ലളിതമെങ്കിലും പ്രൗഢഗംഭീരമായ ഷഷ്ഠിപൂര്‍ത്തി ആഘോഷം.
ലോക്ക്ഡൗണിനെ തുടര്‍ന്ന് ചെന്നൈയില്‍ വീട്ടില്‍ കഴിയുന്ന മോഹന്‍ലാലിനെ കാണാന്‍ പ്രിയദര്‍ശന്‍ എത്തി. വാഴയിലയില്‍ ഒരുക്കിയ കേരളീയസദ്യയ്ക്ക് പിന്നാലെയാണ് പിറന്നാള്‍ കേക്ക് ലാല്‍ മുറിച്ചത്. ചാനലുകളും മറ്റു മാധ്യമങ്ങളും മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടറുടെ അറുപതാം പിറന്നാളിന്റെ ആഘോഷത്തില്‍ മുഴുകിയപ്പോള്‍ ലാലിനത് തീര്‍ത്തും സ്വകാര്യമായ ലളിതമായ ചടങ്ങായി മാറി. പിറന്നാള്‍ കേക്ക് മുറിക്കും മുമ്പ് ലാലിന് ഓമനമുത്തം നല്‍കാന്‍ സുചിത്ര മറന്നില്ല.
പിറന്നാൾ ദിനത്തിൽ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്റെ നാലാം ഘട്ട കൊവിഡ് സഹായത്തിന്റെ ഭാഗമായി മുംബൈയിലെ ആശുപത്രികള്‍ക്ക് പി.പി.ഇ കിറ്റുകൾ എത്തിച്ചു. ധാരാവിക്ക് അടുത്തുള്ള ലോകമാന്യ തിലക് ആശുപത്രി, ഛത്രപതി ശിവജി ഹോസ്പിറ്റല്‍ തുടങ്ങിയവയ്ക്കാണ് പി.പി.ഇ കിറ്റ് എത്തിച്ചിരിക്കുന്നത്. നേരത്തെ തമിഴ്‌നാടിനും പി.പി.ഇ കിറ്റും മാസ്‌ക്കുകളും വിശ്വശാന്തി ഫൗണ്ടേഷന്‍ കൊടുത്തിരുന്നു.
അറുപതാം ജന്മദിനത്തോടൊപ്പം 2020ല്‍ അഭിനയജീവിതത്തിന്റെ നാല്പതു വര്‍ഷവും മോഹന്‍ലാല്‍ പൂര്‍ത്തിയാക്കി. 1980 ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് മഹാനടന്റെ സിനിമാ പ്രവേശം. തുടർന്ന് മലയാളികളുടെ ലാലേട്ടൻ ആടിത്തീർക്കാത്ത കഥാപാത്രങ്ങൾ വിരളം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല