സ്വന്തം ലേഖകൻ: മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന് തുടക്കമായി. ചിത്രത്തിന്റെ പൂജ കാക്കനാട് നവോദയ സ്റ്റുഡിയോയിൽ നടന്നു. താര സമ്പന്നമായ ചടങ്ങിൽ മമ്മൂട്ടി, സംവിധായകരായ പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ, ലാൽ നടന്മാരായ ദിലീപ്, പൃഥ്വിരാജ്, സിദ്ദീഖ് ഉൾപ്പടെയുള്ള നിരവധി പ്രമുഖർ പങ്കെടുത്തു.
കഴിഞ്ഞ വർഷം ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന ചിത്രമായിരുന്നു ബറോസ്. എന്നാൽ കോവിഡ് പ്രതിസന്ധി മൂലം ചിത്രീകരണം നീണ്ടു പോവുകയായിരുന്നു. ചിത്രത്തിലെ ഇൻ്റീരിയർ ഭാഗങ്ങൾ സെറ്റൊരുക്കി നവോദയാ സ്റ്റുഡിയോയിലാണ് ചിത്രീകരിക്കുന്നത്. പ്രശസ്ത കലാ സംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകൾ ഡിസൈൻ ചെയ്യുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രാഹകൻ. ജിജോ പുന്നൂസിൻ്റെ രചനയിലാണ് മോഹൻലാൽ ബറോസ് ഒരുക്കുന്നത്.
ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജും ചിത്രത്തിൻ്റെ പ്രീ പ്രൊഡക്ഷൻ ജോലികളിൽ സജീവമായി പങ്കെടുത്തിരുന്നു. പ്രശസ്ത ഛായാഗ്രാഹകൻ കെ.പി.നമ്പ്യാതിരിയാണ് ത്രിഡി വിഭാഗത്തിൻ്റെ മേൽനോട്ടം വഹിക്കുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് നിർമാണം.
പോർച്ചുഗീസ് പശ്ചാത്തലത്തിലാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത് . വാസ്ക്കോ ഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വർഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് കാത്തിരിക്കുന്നത് യഥാർത്ഥ അവകാശിയേയാണം. നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതിലൂടെയാണ് ചിത്രത്തിനു പുതിയ വഴിത്തിരിവുകൾ ഉണ്ടാകുന്നതും.
മോഹൻലാൽ നായക കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നു . കുട്ടി ബറോസായി എത്തുന്നത് ഹോളിവുഡ് താരം ഷൈലയാണ്. പതിമൂന്നുകാരനായ ലിഡിയൻ ആണ് സംഗീത സംവിധായകൻ. ജിജോ പുന്നൂസാണ് ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ. ഗോവയാണ് ഈ ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ. പ്രൊഡക്ഷൻ കൺട്രോളർ.’ സിദ്ദു പനയ്ക്കൽ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – സജി ജോസഫ്.- ബാബുരാജ് മനിശ്ശേരി. പ്രൊഡക്ഷൻ മാനേജർ – ശശിധരൻ കണ്ടാണിശ്ശേരി.ഫിനാൻസ് കൺട്രോളർ- മനോഹരൻ പയ്യന്നൂർ ആശിർവാദ് സിനിമാസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
സംവിധാന രംഗത്തേക്ക് അരയും തലയും മുറുക്കി മോഹന്‍ലാല്‍ ഇറങ്ങിയിരിക്കുകയാണെന്നും ലാലിന് പുതിയ സംരംഭത്തില്‍ എല്ലാ വിധ പിന്തുണയും ആശംസകളും അറിയിക്കുകയാണെന്നും മമ്മൂട്ടി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല