സ്വന്തം ലേഖകന്‍: ആനക്കൊമ്പ് സൂക്ഷിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രത്യേക അനുമതിയുണ്ടെന്ന് മോഹന്‍ലാല്‍ ഹൈക്കോടതിയില്‍. ആനക്കൊമ്പ് കൈവശം വക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന സര്‍ക്കാരാണ് തനിക്ക് അനുമതി നല്‍കിയതെന്ന് മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് വ്യക്തമാക്കിയത്. ആനക്കൊമ്പ് സൂക്ഷിച്ചതുമായി ബന്ധപ്പെട്ട കേസിലെ ത്വരിതാന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മോഹന്‍ലാല്‍ ഹര്‍ജി നല്‍കിയത്.
കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത് പ്രകാരം വീട്ടില്‍ ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് സംസ്ഥാന വനം വന്യജീവി വകുപ്പ് അനുമതി നല്‍കിയെന്നാണ് മോഹന്‍ലാലിന്റെ വാദം. ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് അനുമതി വ്യക്തമാക്കി ഗവര്‍ണര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. അതിനാല്‍ ആനക്കൊമ്പ് സൂക്ഷിക്കുന്നത് ചോദ്യം ചെയ്യാന്‍ ഹര്‍ജിക്കാരനോ അന്വേഷണത്തിന് ഉത്തരവിടാന്‍ വിജിലന്‍സ് കോടതിക്കോ കഴിയില്ലെന്ന് മോഹന്‍ലാല്‍ ഹര്‍ജിയില്‍ പറയുന്നു.
തുടര്‍ന്ന് മോഹന്‍ലാലിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോടും വിജിലന്‍സിനോടും വിശദീകരണം തേടി. വിശദീകരണം നല്‍കുന്നതിന് സര്‍ക്കാരിന് സാവകാശം നല്‍കിയിട്ടുണ്ട്. ഹര്‍ജി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടിച്ച സംഭവത്തില്‍ വനംവകുപ്പ് തുടര്‍നടപടികള്‍ അവസാനിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി ഏലൂര്‍ അന്തിക്കാട് വീട്ടില്‍ എ.എ പൗലോസാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല