സ്വന്തം ലേഖകന്‍: കാണികളെ ആവേശത്തിലാഴ്ത്തി വോളിബോള്‍ കളിക്കാരനായി കളംനിറഞ്ഞ് മോഹന്‍ലാല്‍. ജേണലിസ്റ്റ് വോളിയുടെ പ്രചാരണാര്‍ഥം ടെറിട്ടോറിയല്‍ ആര്‍മിയും കണ്ണൂര്‍ പ്രസ് ക്ലബ്ബും തമ്മില്‍ നടന്ന സൗഹൃദ മത്സരത്തിലാണ് നടന്‍ ലെഫ്. കേണല്‍ മോഹന്‍ലാല്‍ കളിക്കാരനായി കളത്തില്‍ ഇറങ്ങിയത്. കടും നീല പാന്റ്‌സും മഞ്ഞ ടീ ഷര്‍ട്ടുമായി ഇറങ്ങിയ മഹാനടന്റെ ഓരോ നീക്കവും നിറഞ്ഞ കൈയടിയോടെയാണ് കാണികള്‍ വരവേറ്റത്.
സര്‍വീസിലായിരുന്നു ലാല്‍ കൂടുതലും ശ്രദ്ധ നല്‍കിയത്. നിറഞ്ഞ പുഞ്ചിരിയോടെയായിരുന്നു ലാലിന്റെ കളി. അടിപതറാതെ കിറുകൃത്യമായി വല കടത്തി എതിരാളിയുടെ കോര്‍ട്ടില്‍ പന്തെത്തിക്കാന്‍ ലാലിന് സാധിച്ചു. കോര്‍ട്ടില്‍ മുന്നിലും പിന്നിലും കളിച്ച ലാല്‍ കാണികളെ ആവേശംകൊള്ളിച്ചു. കേണല്‍ രാജേഷ് കനോജിയയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ടെറിട്ടോറിയല്‍ ആര്‍മി ടീമില്‍ മോഹന്‍ലാലിനുപുറമെ, മേജര്‍ രവി, മേജര്‍ ഉപേന്ദ്ര ഭണ്ഡാരി, സുബേദാര്‍ മേജര്‍ പ്രകാശന്‍, സുബേദാര്‍മാരായ കമലാക്ഷന്‍, പ്രദീപന്‍, ജയരാജ്, ജയതിലകന്‍ എന്നിവര്‍ കളത്തിലിറങ്ങി.
ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രമിന്റെ നേതൃത്വത്തിലിറങ്ങിയ പ്രസ് ക്ലബ്ബ് ടീമില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കിഷോര്‍കുമാര്‍, വോളിബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി.കെ.സനോജ് തുടങ്ങിയവരുണ്ടായിരുന്നു. പി.കെ.ജഗന്നാഥന്‍, ഇ.കെ.രഞ്ചന്‍ എന്നിവര്‍ കളി നിയന്ത്രിച്ചു. ടീമംഗങ്ങള്‍ക്ക് മോഹന്‍ലാല്‍ മെഡലുകള്‍ സമ്മാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല