സ്വന്തം തൊഴില്‍ ആസ്വദിച്ച്, പ്രതിബദ്ധതയോടെ ചെയ്യുന്ന സച്ചിന് ടെന്‍ഡുല്‍ക്കറെ മാതൃകയാക്കാന്‍ യുവതലമുറ തയ്യാറാകണമെന്ന് നടന് മോഹന്‍ലാല്‍ പറഞ്ഞു. സച്ചിന്റെ സെഞ്ച്വറി കഠിനാധ്വാനത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ജോലി ആസ്വദിച്ചു ചെയ്താല്‍ ഒരു ജീവിതം മതിയാകില്ലന്നും, ചുരുങ്ങിയത് 200 കൊല്ലമെങ്കിലും ജീവിക്കമമെന്നാണ് ആഗ്രഹമെന്നും മലയാളികളുടെ പ്രിയതാരം പറഞ്ഞു.
തൃശൂര്‍ രാമപുരം പൊലീസ് അക്കാദമിയില്‍ നടന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ സംസ്ഥാന ക്യാംപില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമാ രംഗങ്ങളില്‍ കാണുന്ന മദ്യപാനവും പുകവലിയും വെറും അഭിനയം മാത്രമാണ്. അത് അനുകരിക്കാന്‍ ആരും ശ്രമിക്കരുത്. മദ്യമെന്ന് പറഞ്ഞ് കുടിക്കുന്നത് കട്ടന്‍കാപ്പിയാണെന്ന് എല്ലാവരും മനസിലാക്കണമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
തന്റെ കുട്ടിക്കാലത്ത് കിട്ടിയതിനേക്കാള്‍ നല്ല അവസരങ്ങള്‍ ഇന്നത്തെ കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അത് മുതലെടുക്കാന്‍ ബുദ്ധിമുട്ടുണ്ട്. മുതിര്‍ന്നവരുടെ സ്നേഹം പങ്കുവെയ്ക്കാന്‍ ഇപ്പോഴത്തെ കുട്ടികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല. കുട്ടികളെ രൂപപ്പെടുത്തുന്നത് അവര്‍ തന്നെയാണ്. കള്ളനും പൊലീസും കളിക്കുമ്പോള്‍ അതിലെ പൊലീസാകണം. മറ്റുള്ളവരുടെ തെറ്റു തിരുത്തിക്കണം. തന്നെപ്പോലെ ജീവിതത്തെ മനോഹരമായി ആസ്വദിക്കണം.
മനുഷ്യരായി പിറന്നത് മഹാഭാഗ്യമായി കാണമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഫാന്‍സ് അസോസിയേഷനുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് ഒറ്റപ്പെട്ട സംഭവം മാത്രമാണ്. അതിന്റെ പേരില്‍ ഫാന്‍സ് അസോസിയേഷനുകള്‍ നടത്തുന്ന മഹത്തരമായ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആരും കാണാതിരിക്കരുതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ലാലേട്ടന്റെയും മമ്മൂക്കയുടെയും ഫാന്സുകള് ഏറ്റുമുട്ടുന്നത് മോശമല്ലേ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല