ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തെ സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് അവസാനമാകുന്നില്ല. മികച്ച നടനുള്ള അവാര്‍ഡ് നല്‍കേണ്ടിയിരുന്നത് മോഹന്‍ലാലിനാണെന്ന് ജൂറി അംഗവും ശബ്ദലേഖകനുമായ സി ആര് ചന്ദ്രന് അഭിപ്രായപ്പെട്ടു. എങ്ങനെ നോക്കിയാലും ദിലീപിനേക്കാള്‍ മികച്ച നടന് മോഹന്‍ലാല്‍ തന്നെയായിരുന്നു.
എന്നാല്‍ ജൂറി ചെയര്‍മാനായിരുന്ന ഭാഗ്യരാജിന് ദിലീപിനെ മികച്ച നടനാക്കണമെന്നായിരുന്നു അഭിപ്രായം. മോഹന്‍ലാല്‍ അഭിനയിച്ച പ്രണയം, സ്നേഹവീട് എന്നീ ചിത്രങ്ങള്‍ കാണുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ റേഞ്ച് മനസ്സിലാക്കാനാവുമെന്ന് താന്‍ വാദിച്ചെങ്കിലും ജൂറി ചെയര്മാന് ഇത് അംഗീകരിച്ചില്ല. സ്വന്തം തീരുമാനം അദ്ദേഹം മറ്റ് ജൂറി അംഗങ്ങളെ കൊണ്ട് അംഗീകരിപ്പിക്കുകയായിരുന്നുവെന്നും സി ആര് ചന്ദ്രന് വെളിപ്പെടുത്തി.
പ്രണയം എന്ന ചിത്രത്തിന് അവാര്‍ഡ് നല്കുന്ന കാര്യത്തിലും ജൂറി ചെയര്‍മാനുമായി തര്‍ക്കമുണ്ടായി. പ്രണയത്തിന്റെ പ്രമേയം കടമെടുത്തതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ബ്ലസിയുടെ സംവിധാന ശൈലിയ്ക്കുള്ള അംഗീകാരമായി അവാര്‍ഡ് നല്കാന് തീരുമാനിക്കുകയായിരുന്നു. ഇതു സംബന്ധിച്ചും ജൂറി ചെയര്‍മാനുമായി തര്‍ക്കമുണ്ടായി. എന്നാല്‍ പിന്നീട് എല്ലാവരും ജൂറി ചെയര്‍മാന്റെ തീരുമാനത്തിനോട് യോജിക്കുകയായിരുന്നുവെന്നും ചന്ദ്രന് പറഞ്ഞു.
ഇതിനിടെ പ്രണയം ഒരു ആസ്ത്രേലിയന്‍ ചിത്രത്തിന്റെ തനി പകര്‍പ്പാണെന്നും ഇതിന് അവാര്‍ഡ് നല്‍കിയത് പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് നടന് സലിം കുമാര്‍ രംഗത്തെത്തി. പ്രണയത്തിന് അവാര്‍ഡ് നല്‍കിയതിനെതിരെ കോടതിയെ സമീപിക്കുമെന്നും നടന് വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല