ടിപി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെടുത്തി താനെഴുതിയ ബ്ലോഗിലെ കുറിപ്പ് മാധ്യമങ്ങള്‍ ആഘോഷമാക്കുകയായിരുന്നുവെന്ന് നടന്‍ മോഹന്‍ലാല്‍. തന്റെ പ്രതികരണം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിയ്ക്കുകയായിരുന്നുവെന്നും ദേശാഭിമാനിയുടെ ഓണം സ്പെഷ്യല്‍ പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ പറയുന്നു.
”എന്തുകൊണ്ടാണ് ആ കുറിപ്പ് മാധ്യമങ്ങള്‍ ഏറ്റുപിടിച്ച് ആഘോഷമാക്കിയതെന്ന് മനസിലാകുന്നില്ല. അതു കൊണ്ടാടിയ മാധ്യമ താല്‍പര്യങ്ങള്‍ എന്താണെന്ന് എനിക്കറിയില്ല. സ്വാഭാവികമായ പ്രതികരണമാണ് നടത്തിയത്. പൊതുവായ യാഥാര്‍ഥ്യമാണ് ഞാന്‍ പറഞ്ഞത്” മോഹന്‍ലാല്‍ വിശദീകരിയ്ക്കുന്നു.
അഴീക്കോട് മാഷുമായി അഭിപ്രായവ്യത്യാസമുണ്ടായത് വേദനിപ്പിച്ചതായും ലാല്‍ പറഞ്ഞു. തങ്ങളെ ശത്രുക്കളാക്കുക എന്ന നിലപാടാണ് ഈ വിഷയത്തിലും മാധ്യമങ്ങള്‍ സ്വീകരിച്ചത്. സിനിമയിലും ജീവിതത്തിലും വ്യക്തിപരവും സാമൂഹ്യവുമായ നിരവധി സന്ദര്‍ഭങ്ങളും വിഷയങ്ങളും അഭിമുഖത്തില്‍ വിലയിരുത്തുന്നു. ‘നടനകലയുടെ ശരീരംമോഹന്‍ലാല്‍’ എന്ന പേരിലാണ് ദേശാഭിമാനി ഓണപ്പതിപ്പില്‍ ദീര്‍ഘ അഭിമുഖമുള്ളത്.
”എന്റെ അമ്മ ചികിത്സയിലുള്ള അവസരത്തിലാണ് ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കുറിപ്പ് എഴുതിയത്. ചന്ദ്രശേഖരന്റെ അമ്മ കരയുന്ന ചിത്രം വേദനിപ്പിച്ചു. ആശുപത്രിയില്‍ കഴിയുന്ന എന്റെ അമ്മയെക്കുറിച്ച് അപ്പോള്‍ ഞാന്‍ ചിന്തിച്ചു. കേരളത്തില്‍ താമസിക്കാന്‍ എനിക്ക് പേടിയാണെന്ന അര്‍ഥം അതിനില്ല.
മുമ്പ് തീവണ്ടിയാത്രയ്ക്കിടെ കൊല്ലപ്പെട്ട സൗമ്യയുമായി ബന്ധപ്പെട്ട് ഞാനെഴുതിയ ബ്ലോഗ് മാധ്യമങ്ങള്‍ കണ്ടില്ല. ഇപ്പോള്‍ ചന്ദ്രശേഖരന്‍ മരണവുമായി ബന്ധപ്പെട്ട് എന്റെ വികാരം ഞാന്‍ കുറിച്ചപ്പോള്‍ അത് കൊണ്ടാടിയതിന്റെ പിറകിലെ മാധ്യമതാല്‍പര്യങ്ങള്‍ എന്താണെന്ന് എനിക്കറിയില്ല.
എന്തു സംഭവമുണ്ടായാലും എന്റേതായ ശൈലിയില്‍ ഞാന്‍ സ്വാഭാവികമായി പ്രതികരിക്കുന്നു എന്ന് മാത്രമേ ഈ എഴുത്തുകളെ കാണേണ്ടതുള്ളു. എന്റെ ജീവിതത്തിന്റെ ചില ഘട്ടങ്ങളിലുണ്ടായ വൈരുധ്യങ്ങളോ സങ്കടങ്ങളോ ഒക്കെയാവാം അഴീക്കോട് സാറുമായി അഭിപ്രായഭിന്നതയുണ്ടാകാന്‍ കാരണം. എനിക്ക് അദ്ദേഹത്തിനോട് ശത്രുതയൊന്നുമുണ്ടായിരുന്നില്ല. ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ അനായാസം പരിഹരിക്കാന്‍ പലര്‍ക്കും കഴിയുമായിരുന്നു. എനിക്കെതിരായുള്ള അദ്ദേഹത്തിന്റെ വാക്കുകളോരോന്നും പല മാധ്യമങ്ങളും കൊണ്ടാടി.
ഇതിനെല്ലാം പുറമെ ആദായനികുതി വകുപ്പ് വീട്ടില്‍ നടത്തിയ റെയ്ഡ്, ലഫ്റ്റനന്റ് കേണല്‍പദവിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, സ്വര്‍ണക്കടയുടെയും മറ്റും പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ മലയാളത്തിന്റെ പ്രിയതാരം അഭിമുഖത്തിലൂടെ തന്റെ നിലപാടുകള്‍ വിശദീകരിയ്ക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല