കിരീടവും ഹിസ് ഹൈനസ് അബ്‌ദുള്ളയും കമലദളവും ഭരതവുമൊക്കെ ഒരുക്കി മോഹന്‍ലാലിനെ മലയാളികളുടെ പ്രിയതാരമാക്കിയ സംവിധായകനാണ് സിബി മലയില്‍. ഏറെക്കാലമായി സൂപ്പര്‍താര ചിത്രങ്ങളൊന്നും സംവിധാനം ചെയ്യാതെ യുവതാരങ്ങളെ വെച്ചാണ് സിബി സിനിമ ചെയ്യുന്നത്. ഒടുവില്‍ സംഗീതത്തിന് പ്രാധാന്യം നല്‍കുന്ന സ്വാമിനാഥന്‍ എന്ന മോഹന്‍ലാല്‍ ചിത്രവുമായി ശക്‌തമായ തിരിച്ചുവരവ് സ്വപ്‌നം കണ്ട സിബി മലയിലിന് പക്ഷെ തിരിച്ചടി നേരിടുന്നു.
ആദ്യം ചിത്രത്തില്‍ അഭിനയിക്കാമെന്ന് ഏറ്റ മോഹന്‍ലാല്‍ ഇപ്പോള്‍ പിന്‍മാറുന്നതായാണ് സൂചന. സിബി മലയില്‍ ഒടുവില്‍ ചെയ്‌ത ഉന്നം എന്ന ചിത്രം ബോക്‌സോഫീസില്‍ പരാജയമായിരുന്നു. സിബിയുടെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതാണ് മോഹന്‍ലാലിനെ പുനരാലോചനയ്‌ക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന. മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ ഒടുവില്‍ ചെയ്‌ത ഫ്‌ളാഷ് എന്ന ചിത്രവും പരാജയമായിരുന്നു. അതിന് മുമ്പ് ചെയ്‌ത ദേവദൂതന്‍ മികച്ച ചിത്രമായിരുന്നെങ്കിലും സാമ്പത്തികമായി വേണ്ടത്ര വിജയിച്ചില്ല.
അതേസമയം മോഹന്‍ലാല്‍ സ്വാമിനാഥനില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്ന് സിബി മലയിലുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ പറയുന്നു. മറ്റു ചില പ്രോജക്‌ടുകള്‍ ചെയ്‌തു തീര്‍ക്കാന്‍ ഉള്ളതിനാല്‍ തല്‍ക്കാലം സ്വാമിനാഥന്‍ നീട്ടിവെയ്‌ക്കുമെന്നാണ് സിബി മലയിലുമായി അടുപ്പമുള്ളവര്‍ പറയുന്നത്. മോഹന്‍ലാല്‍ ഒടുവില്‍ ചെയ്‌ത ബിഗ് ബജറ്റ് ചിത്രമായ കാസനോവ പരാജയപ്പെട്ടതോടെ വാരിവലിച്ച് ചിത്രങ്ങള്‍ ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് അദ്ദേഹം. കഥയ്‌ക്കും സംവിധായകനും മുന്തിയ പരിഗണന നല്‍കി കരിയറില്‍ കൂടുതല്‍ സൂക്ഷ്‌മത വരുത്താനും മോഹന്‍ലാല്‍ തീരുമാനിച്ചിട്ടുണ്ട്. ബി ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന ഗ്രാന്‍ഡ് മാസ്‌റ്റര്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല