സ്വന്തം ലേഖകൻ: നടന്‍ മോഹന്‍രാജ് (കീരിക്കാടന്‍ ജോസ്) മോശം രോഗാവസ്ഥയില്‍ കൂട്ടിനാരുമില്ലാതെ തിരുവനന്തപുരം ജനറല്‍ ആസ്പത്രിയില്‍ ശോചനീയാവസ്ഥയില്‍ കഴിയുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് വാര്‍ത്തയായിരുന്നു. അദ്ദേഹത്തിന്‍റെ ഫോട്ടോയും വീഡിയോയും വൈറലായതിന് പിന്നാലെ ഈ ആരോപണങ്ങള്‍ വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് പ്രതികരിച്ച് നടന്‍ ഇടവേള ബാബുവും രംഗത്തെത്തിയിരുന്നു
ഇപ്പോഴിതാ, അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ച നടനും നിര്‍മാതാവുമായ ദിനേശ് പണിക്കരും ഈ വാര്‍ത്തകള്‍ വ്യാജമാണെന്ന് ശരിവയ്ക്കുകയാണ്. മോഹന്‍രാജിനെ കീരിക്കാടനാക്കിയ കിരീടത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയാണ് ദിനേശ് പണിക്കര്‍. മോഹന്‍രാജിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യാജ വാര്‍ത്തകളോട് ദിനേശ് പ്രതികരിച്ചത്. അദ്ദേഹത്തിന് ആരില്‍ നിന്നും സാമ്പത്തിക സഹായം ആവശ്യമില്ലെന്നും അദ്ദേഹം ഉടന്‍ രോഗം ഭേദമായി സിനിമയില്‍ സജീവമാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നതായും ദിനേശ് പണിക്കര്‍ കുറിച്ചു.
അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം…
“കീരിക്കാടന്‍ ജോസ് , ഞാന്‍ 1989 ല്‍ നിര്‍മ്മിച്ച, മോഹന്‍ലാല്‍ ചിത്രമായ കിരീടത്തിലെ ഒരിക്കലും മറക്കാനാകാത്ത വില്ലന്‍. ഇദ്ദേഹമാണ് കഴിഞ്ഞ ഒരാഴ്ച്ചയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. മോഹന്‍രാജ് ഗുരുതരമായ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലെണെന്നും പണമില്ലാതെ കഷ്ടപ്പെടുകയാണെന്നും ആരോ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചു. മോഹന്‍രാജ് എന്റെ അടുത്ത സുഹൃത്താണ്, ഞാന്‍ നിര്‍മ്മിച്ച 3 ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. (കിരീടം,ചെപ്പുകിലുക്കണ ചങ്ങാതി, സ്റ്റാലിന്‍ ശിവദാസ്).
ഞാന്‍ അദ്ദേഹത്തെ ഇന്ന് പോയി കണ്ടിരുന്നു. ഒരുപാട് നേരം സംസാരിച്ചു. വെരിക്കോസ് വെയിനിന്റെ പ്രശ്‌നം കാരണമാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ അദ്ദേഹം ഉള്ളത്. അദ്ദേഹത്തിന് ഇന്‍ഷുറന്‍സ് കവറേജും ഉണ്ട്, സാധാരണ ജീവിതത്തിലേക്ക് പെട്ടെന്ന് തന്നെ മോഹന്‍രാജ് മടങ്ങിയെത്തുകയും ചെയ്യും. മോഹന്‍രാജിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും നന്നായി അറിയാവുന്ന ആളെന്ന നിലയ്ക്ക് എനിക്ക് ഉറപ്പു പറയാനാകും അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാണ് ആരില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കേണ്ട ആവശ്യവുമില്ല. എന്റെ എല്ലാ പ്രാര്‍ത്ഥനയും അനുഗ്രഹവും കീരിക്കാടനൊപ്പം , പൂര്‍ണ ആരോഗ്യത്തോടെ വീണ്ടും സിനിമയില്‍ കാണാന്‍ സാധിക്കട്ടെ…”
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല