ഭൌതികശാസ്ത്രത്തിലെ അടിസ്ഥാന ശിലകളിലൊന്നായി പരിഗണിക്കപ്പെടുന്ന ആപേക്ഷികതാ സിദ്ധാന്തത്തിന് അടിതെറ്റുമോ? പ്രകാശ വേഗത്തെ മറികടക്കാന്‍ ഒന്നിനുമാകില്ലെന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ നിഗമനം തെറ്റാണെന്നു തെളിയാന്‍ സാധ്യതയുള്ള കണ്ടുപിടിത്തവുമായി യൂറോപ്യന്‍ ആണവ ഗവേഷണ സംഘടന (സേണ്‍) രംഗത്ത്.
ന്യൂട്രിനോകള്‍ എന്നറിയപ്പെടുന്ന അണുകണങ്ങള്ക്കു പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാനാകുമെന്നാണു സേണ്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.കണ്ടെത്തല്‍ സ്ഥിരീകരിക്കാനായാല്‍ ഏറ്റവും കൂടുതല്‍ അഭിമാനിക്കാനാകുന്നതു മലയാളി ശാസ്ത്രജ്ഞന് എണ്ണയ്ക്കല്‍ ചാണ്ടി ജോര്‍ജ് സുദര്ശന് എന്ന ഇ.സി.ജി. സുദര്‍ശനാകും. കാരണം ഐന്‍സ്റ്റീന്റെ സിദ്ധാന്തത്തെ വെല്ലുവിളിച്ചു പ്രകാശ വേഗത്തെ മറികടക്കുന്ന കണങ്ങളുടെ സാന്നിധ്യത്തെപ്പറ്റിയുള്ള സിദ്ധാന്തം ആദ്യം അവതരിപ്പിച്ചത് അദ്ദേഹമാണ്.
അത്തരം കണങ്ങളെ ടാക്കിയോണുകള്‍ എന്നാണു സുദര്ശന് വിളിച്ചത്.പ്രപഞ്ചോല്പത്തി രഹസ്യമറിയാനായി നടത്തുന്ന ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ പരീക്ഷണത്തിന് ഒപ്പം സേണ്‍ നടത്തുന്ന ഒാപറ പരീക്ഷണത്തിലാണു ന്യൂട്രിനോകളുടെ അതിവേഗം കണ്ടെത്തിയത്. ജനീവയ്ക്കടുത്തുള്ള പരീക്ഷണശാലയില്‍നിന്നു പുറപ്പെടുവിച്ച ഒരു ന്യൂട്രിനോ കണം 730 കിലോമീറ്റര്‍ അകലെയുള്ള ഇറ്റലിയിലേക്കു പാഞ്ഞതു പ്രകാശത്തെക്കാള്‍ 60 നാനോ സെക്കന്‍ഡ് (ഒരു നാനോ സെക്കന്‍ഡ് എന്നാല്‍ ഒരു സെക്കന്‍ഡിന്റെ നൂറുകോടിയില്‍ ഒന്ന്) കൂടുതല്‍ വേഗത്തിലായിരുന്നു എന്നാണു ശാസ്ത്രജ്ഞര്‍ രേഖപ്പെടുത്തിയത്.
ഇൌ കണക്കുകൂട്ടലില്‍ വന്നേക്കാവുന്ന വ്യത്യാസം ഏറിയാല്‍ പത്തു നാനോ സെക്കന്‍ഡ് മാത്രമാകുമെന്നും കണക്കാക്കപ്പെടുന്നു.കണ്ടെത്തല്‍ അംഗീകരിക്കപ്പെട്ടാല്‍ പ്രപഞ്ചത്തെപ്പറ്റിയുള്ള ശാസ്ത്ര കാഴ്ചപ്പാട് പാടേ മാറ്റേണ്ടിവരും. ഇത് ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതം പരിഗണിച്ചു വിശാല ചര്‍ച്ചയ്ക്കായി ശാസ്ത്രസംഘത്തിന്റെ പ്രത്യേക യോഗം വിളിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.അവിശ്വസനീയവും വിസ്മയകരവുമായ കണ്ടെത്തലുകള്‍ ഉണ്ടാകുമ്പോള്‍ ഇത്തരത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നതു ശാസ്ത്രത്തിന്റെ രീതിയാണെന്നു സേണ്‍ ഗവേഷണ വിഭാഗം മേധാവി സെര്‍ജിയോ ബര്ത്തലോസി പറഞ്ഞു.
കണ്ടെത്തലില്‍ സംശയമില്ലെന്നും എന്നാല്‍ ഇതു സ്ഥിരീകരിക്കാന്‍ വിപുലമായ പരിശോധനയ്ക്കായി സമര്‍പ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.ഷിക്കാഗോയിലെ ഫെര്‍മിലാബ് സമാന പരീക്ഷണം നടത്താമെന്നു സമ്മതിച്ചിട്ടുണ്ട്. 2007ല്‍ ഫെര്‍മിലാബ് ഇത്തരമൊരു കണ്ടെത്തലുമായി രംഗത്തുവന്നെങ്കിലും ശാസ്ത്രലോകത്തിനു മുന്നില്‍ വസ്തുനിഷ്ഠമായി തെളിയിക്കാനായിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല