സ്വന്തം ലേഖകന്‍: ബ്രസീലില്‍ ബലാത്സംഗം ചെയ്യപ്പെട്ട അഞ്ചു വയസ്സുകാരി വരച്ച ചിത്രങ്ങള്‍ പ്രതിയായ വൈദികനെ കുടുക്കി. പെണ്‍കുട്ടി വരച്ച രേഖാ ചിത്രങ്ങള്‍ കണ്ടെടുത്ത മാതാപിതാക്കള്‍ ഇക്കാര്യം പള്ളിവികാരിയോട് ആരായുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്യുകയായിരുന്നു.
ബ്രസീലിലെ മിനാസ് ഗെരെയ്‌സിലെ മോണ്ടെസ് ക്‌ളാരോസില്‍ നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ ചോദ്യം ചെയ്യലില്‍ 54 കാരനായ പാതിരി ജോവോ ഡാ സില്‍വ കുറ്റം സമ്മതിച്ചു. ഡാ സില്‍വയുടെ ഇംഗ്ലീഷ് ക്ലാസില്‍ പോകാന്‍ ഇഷ്ടമില്ലെന്ന് കുട്ടി നിര്‍ബ്ബന്ധം പിടിച്ചതിന് പിന്നാലെയാണ് മാതാപിതാക്കള്‍ക്ക് സംശയം തോന്നിയത്.
മകള്‍ മൂകയും വിഷാദിയുമാണെന്ന് കണ്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ശിശു മന:ശാസ്ത്ര വിദഗ്ദ്ധനെ കാണിച്ചതോടെയാണ് ബാല പീഡനമെന്ന സംശയം ഉയര്‍ന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും സൂചനകള്‍ മുറിയില്‍ എവിടെയെങ്കിലുമുണ്ടോ എന്ന് തെരഞ്ഞത്. തുടര്‍ന്ന് ലൈംഗിക പീഡനം വ്യക്തമായി പ്രതിപാദിക്കുന്ന മകള്‍ വരച്ച ആറ് ചിത്രങ്ങള്‍ കണ്ടെത്തി.
മുതിര്‍ന്നയാള്‍ സമീപിക്കുമ്പോള്‍ ഭയചകിതയായി തുറിച്ചു നോക്കുന്ന രീതിയില്‍ ഉള്ളതാണ് ഒരു ചിത്രം. മറ്റൊന്ന് കട്ടിലില്‍ കിടക്കുന്ന കുട്ടിയുടെ കാലുകള്‍ക്ക് ഇടയിലേക്ക് കയറാന്‍ ബലം പ്രയോഗിക്കുന്ന മുതിര്‍ന്ന ആളുടെതാണ്. ഇയാള്‍ അടുത്തു നില്‍ക്കുമ്പോള്‍ കുട്ടി വേദനകൊണ്ടോ പേടി കൊണ്ടോ നിലവിളിക്കുന്ന രീതിയിലാണ് മുഖം വരച്ചിരിക്കുന്നത്.
പിന്നീട് ഇക്കാര്യം ചോദിച്ചപ്പോള്‍ പുരോഹിതന്‍ എല്ലാം തുറന്നു പറഞ്ഞെന്ന് കുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞു. പിതാവിന്റെ പരാതിയില്‍ പള്ളി വികാരിക്കെതിരേ പോലീസ് കേസെടുത്തു. കുട്ടി വരച്ച ചിത്രങ്ങള്‍ കുട്ടികള്‍ക്കെതിരേയുള്ള കുറ്റകൃത്യം തടയുന്ന സമിതിക്ക് കൈമാറിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല