1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2023

സ്വന്തം ലേഖകൻ: മരണത്തെ ഭയത്തോടെ കാണുന്നവരാണു ഭൂരിഭാഗവും. എന്നാൽ സ്വന്തം മരണം മുൻകൂട്ടി അറിഞ്ഞ് അത് ജീവിതത്തിലെ മറ്റേതൊരു ചടങ്ങും പോലെ കളറാക്കാൻ ശ്രമിക്കുന്ന ചിലരെങ്കിലും ഉണ്ട്. അത്തരത്തിലുള്ള വ്യക്തിയായിരുന്നു ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ സ്വദേശിനിയായ സാൻഡി വുഡ്. ക്യാൻസർ ബാധിതയായി കഴിയുന്നതിനിടെ തന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തുന്നവർക്കായി ഒരു ഗംഭീര സർപ്രൈസ് ഒരുക്കി വച്ചാണ് അവർ മരണം കാത്തിരുന്നത്. തന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മുന്നിൽ ഫ്ലാഷ് മോബ് അവതരിപ്പിക്കാനായി ഒരു ഡാൻസ് ട്രൂപ്പിനെ തന്നെ ഇവർ ചുമതലപ്പെടുത്തിയിരുന്നു.

പള്ളിയിൽ മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനിടെ പല ഭാഗങ്ങളിലായി ഇരുന്ന നാലുപേർ പെട്ടെന്ന് ജാക്കറ്റുകൾ മാറ്റി മുൻപിലേക്ക് വരുന്നത് കണ്ട് ആളുകൾ സ്തബ്ധരായി. സാൻഡിയെ പരിചയമുള്ള ആളുകൾ എന്ന തരത്തിലാണ് ഇവർ മറ്റുള്ളവർക്കിടയിൽ ഇരുന്നിരുന്നത്. നൃത്ത ചുവടുകൾ വച്ച് ഇവർ മുൻപിലേക്ക് എത്തിയപ്പോൾ അത്ഭുതത്തോടെ നോക്കിയിരിക്കുന്ന പ്രിയപ്പെട്ടവരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

നാവിൽ ക്യാൻസർ ബാധിച്ചതിനെ തുടർന്നാണ് 65 കാരിയായ സാൻഡി മരിച്ചത്. തന്നെ യാത്രയാക്കാൻ എത്തുന്നവർ സങ്കടത്തോടെ ഇരിക്കരുത് എന്ന സാൻഡിയുടെ ആഗ്രഹമാണ് ഇത്തരത്തിൽ ഒരു സർപ്രൈസ് പ്രിയപ്പെട്ടവർക്കായി ഒരുക്കാനുള്ള കാരണം.എന്നാൽ ഈ ആവശ്യവുമായി പല ഡാൻസ് ട്രൂപ്പുകളെയും മുൻപ് സമീപിച്ചിരുന്നെങ്കിലും പത്തിലധികം സംഘങ്ങൾ ഇതിനു തയ്യാറല്ല എന്ന് പറഞ്ഞ് സാൻഡിയെ മടക്കിയയച്ചിരുന്നു. ഒടുവിൽ സമൂഹമാധ്യമങ്ങൾ വഴി കണ്ടെത്തിയ ഫ്ലെയ്മിങ് ഫെദേഴ്സ് എന്ന സംഘമാണ് സാൻഡിക്കായി ഫ്ലാഷ് മോബ് അവതരിപ്പിച്ചത്.

എന്നാൽ ഫ്ലാഷ് മോബ് മാത്രമല്ല സാൻഡി തന്റെ മരണാനന്തര ചടങ്ങുകൾക്കായി മുൻകൂട്ടി ഒരുക്കിയിരുന്നത്. ഏകദേശം 10 ലക്ഷം രൂപയ്ക്കടുത്ത് ചിലവിട്ട് നിരവധി തയാറെടുപ്പുകൾ അവർ നടത്തിയിരുന്നു. തന്റെ പ്രിയപ്പെട്ട ഷൂസുകളും ഹാൻഡ് ബാഗുകളും ഉൾപ്പെടുത്തി അണിയിച്ചൊരുക്കിയ ശവപ്പെട്ടിയും കുതിര വലിക്കുന്ന ശവമഞ്ചവും എല്ലാം ഇതിൽപ്പെടും. തന്റെ മരണാനന്തര ചടങ്ങുകൾ പ്രിയപ്പെട്ടവർ എന്നും സന്തോഷത്തോടെ ഓർത്തിരിക്കണമെന്ന് മുൻപു തന്നെ സാൻഡി പറയുമായിരുന്നു എന്ന് അടുത്ത സുഹൃത്തായ സാം പറയുന്നു. എന്തായാലും സാൻഡിയുടെ ആഗ്രഹം പോലെ തന്നെ ഫ്ലാഷ് മോബ് അവസാനിക്കാറായപ്പോഴേക്കും മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരുടെയെല്ലാം മുഖത്തു പുഞ്ചിരി വിരിയുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.